മാന്നാറിൽ മേൽപ്പാടം ചുണ്ടന്‍ ജേതാവ്

മഹാത്മാഗാന്ധി വള്ളംകളിയിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
മാന്നാർ
59-–ാം മാന്നാർ മഹാത്മാഗാന്ധി വള്ളംകളിയിൽ വാശിയേറിയ പോരാട്ടത്തിൽ ബിജു മുട്ടേൽ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ ജേതാക്കളായി. രാജൻ സുജൂദ്, ഇർഷാദ് നൗഷാദ് എന്നിവർ ക്യാപ്റ്റനായ മാന്നാർ ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര ചുണ്ടനാണ് രണ്ടാമത്. റെന്നി ഫിലിപ്പോസ് ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടിക്കാണ് മൂന്നാംസ്ഥാനം. വീയപുരം ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്.
ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ബാബുക്കുട്ടൻ കറുകയിൽ, പാലത്തറ ജോൺ എന്നിവർ ക്യാപ്റ്റനായ ചെറുതന ചുണ്ടൻ ഒന്നാമതെത്തി. മനോഹരം ചിറയിൽ ക്യാപ്റ്റനായ ആനാരി ചുണ്ടൻ രണ്ടാമതും വിജിത്ത് മാടശേരി ക്യാപ്റ്റനായ കരുവാറ്റ ചുണ്ടൻ മൂന്നാമതും എത്തി.
എ ഗ്രേഡ് വെപ്പ് വള്ളം ഫൈനൽ മത്സരത്തിൽ ബിജു സാമുവൽ പറക്കളത്ത് ക്യാപ്റ്റനായ ജയ് ഷോട്ട് ഒന്നാമനായി. ജോമോൻ ക്യാപ്റ്റനായ അമ്പലക്കടവൻ രണ്ടാം സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ സാംസൺ തോമസ് ക്യാപ്റ്റനായ ദാനിയേൽ ഒന്നാംസ്ഥാനവും ജിബി ജോൺ ക്യാപ്റ്റനായ ജലറാണി രണ്ടാംസ്ഥാനവും നേടി. മന്ത്രി സജി ചെറിയാൻ ട്രോഫികൾ നൽകി.
ജലോത്സവത്തിന് മുന്നോടിയായി ചാണ്ടി ഉമ്മൻ എംഎൽഎ പതാക ഉയർത്തി. ജലമേളയും ഘോഷയാത്രയും ആന്റോ ആന്റണി എംപി ഉദ്ഘാടനംചെയ്‌തു.
ജനറൽ കൺവീനർ അഡ്വ. എൻ ഷൈലാജ് അധ്യക്ഷനായി. മഹാത്മാഗാന്ധി അവാർഡ് ജേതാവ് എം എസ് നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ടി കെ ഷാജഹാൻ, രക്ഷാധികാരികളായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.










0 comments