പഞ്ചായത്തംഗത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

കായംകുളം
പരാതി അന്വേഷിക്കാനെത്തിയ പഞ്ചായത്തംഗത്തെ കൈക്കോടാലികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. പത്തിയൂർ പഞ്ചായത്ത് 18–-ാം വാർഡംഗം വേരുവള്ളി ഭാഗം അഭിരാമത്തിൽ എസ് രാജേന്ദ്രനെയാണ് ആക്രമിച്ചത്. സംഭവത്തിൽ വേരുവള്ളി ഭാഗം ബിജുഭവനിൽ ബിജു(55)വിനെ കരീലക്കുളങ്ങര പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളി രാവിലെയാണ് സംഭവം. ബിജുവിന്റെ പറമ്പിലെ മരം സമീപ വീടിന് മുകളിലേക്ക് ചാഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് അക്രമം. ബിജു കൈക്കോടാലി രാജേന്ദ്രന്റെ കഴുത്തിൽവച്ചു. ഇതുകണ്ട 17–ാം വാർഡംഗം സംഗീത ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ രാജേന്ദ്രനെ സമീപവാസികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്തും സ്ഥലത്തെത്തി. സിപിഐ എം കരീലക്കുളങ്ങര ലോക്കലിലെ വേരുവള്ളി ഭാഗം ബ്രാഞ്ച് സെക്രട്ടറികൂടിയായ രാജേന്ദ്രൻ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനുമാണ്. സംഭവത്തിൽ സിപിഐ എം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി പ്രതിക്ഷേധിച്ചു.










0 comments