കായൽമണൽ റോഡിലൊഴുകി അപകടക്കെണി

പള്ളിപ്പുറത്ത് ലോറിയിൽനിന്ന് കായൽമണൽവീണ റോഡിന്റെ ദുരവസ്ഥ
സ്വന്തംലേഖകൻ
ചേർത്തല
ദേശീയപാത നിർമാണത്തിന് വേന്പനാട് കായലിൽനിന്ന് ശേഖരിച്ച് ലോറികളിൽ കൊണ്ടുപോകുന്ന മണൽ റോഡിൽവീഴുന്നത് അപകടക്കെണി ഒരുക്കുന്നു. ടോറസുകളിൽ മതിയായ മുൻകരുതൽ ഇല്ലാതെ കൊണ്ടുപോകുന്ന ചെളികലർന്ന മണലാണ് ചോർന്ന് റോഡിൽ പതിക്കുന്നത്. മഴക്കാലമായതോടെ വെള്ളത്തിൽ കുതിർന്ന് പലയിടങ്ങളിലും റോഡുയാത്ര ദുഷ്‌കരമായി. ഇരുചക്രവാഹനങ്ങൾ തെന്നിവീണ് നിരവധി അപകടങ്ങളുണ്ടായി. പള്ളിപ്പുറം പള്ളിച്ചന്ത മുതൽ ചേർത്തല എക്‌സ്‌റേ കവലവരെയും കായലുമായി ബന്ധിപ്പിക്കുന്ന ഇടറോഡുകളിലും കയൽമണൽ വീണിട്ടുണ്ട്. മികച്ച നിലവാരത്തിലെ റോഡിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനാകാത്ത സ്ഥിതിയായി. വേനലിൽതന്നെ അപകടാവസ്ഥയായിരുന്നു. റോഡിൽ ഉണങ്ങിക്കൂടിയ മണ്ണിലൂടെ വാഹനങ്ങൾ പോകുന്പോൾ പൊടിപടലം കാറ്റിൽ പറന്നുയർന്നാണ് യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചത്. മഴക്കാലമായതോടെ സ്ഥിതി ഗുരുതരമായി. സുരക്ഷിത യാത്ര ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റി ജോയിന്റ് ആർടിഒയ്‌ക്ക് പരാതി നൽകി. ലോറികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ നടപടി വേണമെന്നാണ് സെക്രട്ടറി എസ് സുമേഷ് നൽകിയ പരാതിയിലെ ആവശ്യം.










0 comments