Deshabhimani

ഒത്തുപിടിച്ചു; തോട്‌ കീറി

canal

കെെനകരിയിലെ ജനകീയ തോട്‌ നിർമാണം മുൻ വ്യവസായമന്ത്രി 
സുശീലാ ഗോപാലൻ ഉദ്‌ഘാടനംചെയ്യുന്നു (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 18, 2026, 02:08 AM | 1 min read

സ്വന്തം ലേഖകൻ

ആലപ്പുഴ

ജനകീയാസൂത്രണ പദ്ധതി ഗുണഫലങ്ങളുടെ നേർസാക്ഷ്യമാണ്‌ കൈനകരി പഞ്ചായത്തിൽ നിർമിച്ച ജനകീയ തോട്‌. ആദ്യഘട്ടത്തിൽ, കൈനകരി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന എം സി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ സ്വീകരിച്ചത്‌. തികച്ചും ജനകീയമായാണ്‌ തോട്‌ നിർമാണം. ആറുപങ്ക്‌, ചെറുകാലിക്കായൽ പാടശേഖരങ്ങളെ വേർതിരിക്കുന്നതാണ്‌ ജനകീയ തോട്‌. വർഷങ്ങളായി ജനങ്ങൾ ആഗ്രഹിച്ച പദ്ധതിയായിരുന്നു ഇത്‌. നേരത്തേ ജലസേചന വകുപ്പ്‌ 64 ലക്ഷം രൂപയോളം ഇതിനായി മാറ്റിയിട്ടും പദ്ധതി നടന്നിരുന്നില്ല. പാടശേഖരങ്ങളുടെ സംരക്ഷണം, ടൂറിസത്തിന്റെ പ്രാധാന്യം, ജലഗതാഗത സ‍ൗകര്യം തുടങ്ങിയവയാണ്‌ തോട്‌ നിർമാണത്തിലൂടെ ഉദ്ദേശിച്ചത്‌. ജനകീയാസൂത്രണം വന്നതിന്‌ ശേഷം കൈനകരി പഞ്ചായത്ത്‌ കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ തോടിനായി മാറ്റിവച്ചു. ബാക്കി ജനങ്ങളുടെ അധ്വാനവും സംഭാവനയുമായിരുന്നു. 850 മീറ്റർ നീളത്തിലും പത്തുമീറ്റർ വീതിയിലും മൂന്നുമീറ്റർ ആഴത്തിലുമായിരുന്നു തോട്‌ നിർമിക്കാൻ പദ്ധതിയിട്ടത്‌. ​നിർമാണ മഹോത്സവം വ്യവസായമന്ത്രിയായിരുന്ന സുശീലാ ഗോപാലനാണ്‌ തോട്‌ നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌. മൂവായിരത്തോളം ആളുകൾ ചേർന്ന്‌ മഹോത്സവം പോലെയാണ്‌ തോട്‌ നിർമാണം നടത്തിയതെന്ന്‌ എം സി പ്രസാദ്‌ ഓർമിക്കുന്നു. കേരളത്തിലാകെ ശ്രദ്ധിക്കപ്പെട്ട ജനകീയ പരിപാടിയായിരുന്നു ഇത്‌. ലക്ഷക്കണക്കിന്‌ രൂപ എസ്‌റ്റിമേറ്റ്‌ ഇട്ടിരുന്ന പദ്ധതി 80,000 രൂപയിൽ ആദ്യഘട്ടം പൂർത്തീകരിച്ചു. എന്നാൽ തോട്‌ തുറക്കാത്തതിലെ അസ‍ൗകര്യമുണ്ട്‌. എത്രയും വേഗം ഇത്‌ തുറക്കുക എന്നത്‌ ജനങ്ങളുടെയും നാടിന്റെയും ആവശ്യമാണ്‌. അരിക്‌ ബലപ്പെടുത്തി രണ്ട്‌ വശവും തുറന്നാൽ പദ്ധതി പൂർണമാകും. രണ്ടാംഘട്ട വികസനത്തിനുള്ള രൂപരേഖകൾ ജലസേചന വകുപ്പിന്റെയും കെഎൽഡിസിയുടെയും പരിഗണനയിലിരിക്കുകയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home