പൈപ്പിടാൻ നടപ്പാത കുഴിച്ചിട്ട് മാസങ്ങൾ
ഇന്റർലോക്ക് നീക്കി; യാത്രികർ ദുരിതത്തിൽ

കായംകുളം-–മുട്ടം റോഡിൽ ഏവൂർ ക്ഷേത്രത്തിന് വടക്കുഭാഗം മുതൽ മുട്ടം വരെയുള്ള ഭാഗത്തെ റോഡിന്റെ വശത്തെ നടപ്പാതയിൽ പാകിയ ഇന്റർലോക്ക‍് നീക്കിയപ്പോൾ
കാർത്തികപ്പള്ളി
നടപ്പാതയിൽ പാകിയിരുന്ന ഇന്റർലോക്ക് ഇളക്കിമാറ്റിയശേഷം പുനസ്ഥാപിക്കാത്തതിനാൽ യാത്രികർ ദുരിതത്തിൽ. കായംകുളം – മുട്ടം റോഡിൽ ഏവൂർ ക്ഷേത്രത്തിന് വടക്കുഭാഗം മുതൽ മുട്ടംവരെയുള്ള ഭാഗത്തെ റോഡിന്റെ ഒരുവശത്തെ നടപ്പാതയിലാണ് ഇന്റർലോക്ക് നീക്കിയിട്ടിരിക്കുന്നത്. കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ പാത കുഴിച്ചിട്ട് മാസങ്ങളായി. ഇന്റർലോക്ക് ഇളക്കിയിട്ടിരിക്കുന്നതിനാൽ ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നു. കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. കൊച്ചുകുട്ടികൾക്ക് സ്‌കൂൾ ബസ് കാത്തുനിൽക്കാനും ബസിൽ കയറിപ്പറ്റാനും റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് വാഹനങ്ങൾ ഇറക്കാനും പ്രയാസമാണ്. കുഴിയിൽനിന്നെടുത്തിട്ടിരുന്ന മണ്ണ് പല ഭാഗത്തും പരിസരവാസികൾ നിറച്ചെങ്കിലും മഴ തുടങ്ങിയതോടെ സ്ഥിതി കൂടുതൽ ദുസ്സഹമായി. കുഴിയെടുത്ത ഭാഗത്ത് മെറ്റൽപ്പൊടിയിടണമെന്നും ഇളക്കിമാറ്റിയ ഇന്റർലോക്ക് യഥാസ്ഥാനത്ത് പാകി ഉടൻ നടപ്പാത പഴയ രീതിയിലാക്കാൻ അധികൃതർ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.










0 comments