79–--ാം വയസിൽ പരീക്ഷാഹാളിൽ
ഗോപിദാസ്, ഹയർസെക്കൻഡറി ഹീറോ

സ്വന്തം ലേഖകൻ
അമ്പലപ്പുഴ
പുന്നപ്ര വടക്ക് പഞ്ചായത്ത് താന്നിപ്പടിച്ചിറയിൽ വീട്ടിൽ ഗോപിദാസ് 79–--ാം വയസിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വീണ്ടും പാഠപുസ്‌തകം കൈയിലെടുത്തു, പരീക്ഷയുമെഴുതി. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവായി ഗോപിദാസ് ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതി. മകൻ പത്താം ക്ലാസ് വിജയിച്ച് സർക്കാർ ജീവനക്കാരനാകണമെന്നായിരുന്നു അമ്മ ഭവാനിയുടെ ആഗ്രഹം. എന്നാൽ അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ഗോപിദാസിനായില്ല. കുടുംബം പുലർത്താൻ കയർതൊഴിലാളിയായി. ഇതിനിടെ അമ്മ മരിച്ചു. ഗോപിദാസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. തുടർന്ന് പത്താം ക്ലാസും. നാല് വിഷയങ്ങൾക്ക് എ പ്ലസും മറ്റ് വിഷയങ്ങൾക്ക് എയും നേടി. ഇതിനേക്കാൾ ഉയർന്നവിജയം നേടുമെന്ന ആത്മവിശ്വാസമാണ് ഇത്തവണ തുണ. വിവിധ ദിവസങ്ങളിലായി ആറ് പരീക്ഷകളാണ്. ആദ്യ ദിവസം മലയാളമായിരുന്നു. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ സ്‌കൂളിൽ ഞായറാഴ്‌ചകളിലെ തുല്യതാ പഠനത്തിന് മുടങ്ങാതെ എത്തി. കൊച്ചുമക്കൾക്കൊപ്പം വീട്ടിലിരുന്ന് പഠിക്കാനും സമയം കണ്ടെത്തി. ഹയർസെക്കൻഡറി തുല്യതാ എട്ടാം ബാച്ച് പഠിതാവാണ്. പഠിക്കുന്ന സ്‌കൂളിൽത്തന്നെയാണ് പരീക്ഷയും. ആദ്യദിന പരീക്ഷ കഴിഞ്ഞിറങ്ങിയ ഗോപിദാസിനെ എച്ച് സലാം എംഎൽഎ പൊന്നാടയണിയിച്ച് അനുമോദിച്ചു.









0 comments