നാഥനില്ലാ പ്രതിരോധം
പകർച്ചവ്യാധികൾ പടരുന്നു

സ്വന്തം ലേഖകൻ
ആലപ്പുഴ
മുഖ്യമന്ത്രിത്തർക്കവും മന്ത്രിസഭ രൂപീകരണവുമുണ്ടാക്കിയ ഭരണസ്തംഭനം രണ്ടാഴ്‌ചയോളം നീണ്ടതോടെ പിടിവിട്ട് ജില്ലയിൽ പകർച്ചവ്യാധികളുടെ വ്യാപനം. മഴക്കാലപൂർവ ശുചീകരണം പാളിയതോടെ കാലവർഷത്തിന് മുമ്പേ ജില്ലയിൽ പകർച്ചവ്യാധികൾ ഇടംപിടിച്ച് തുടങ്ങി. മെയ് ഒന്നുമുതൽ 18 വരെ 5,531 പേരാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സതേടിയത്. മെയ് ആദ്യവാരം ദിവസവും 286 പേരായിരുന്നു പനി ബാധിച്ച് ചികിത്സ തേടിയിരുന്നത്. രണ്ടാം ആഴ്‌ചയിൽ 314 ആയും മൂന്നാം ആഴ്‌ചയിൽ 334 ആയും ഇതുയർന്നു. വയറിളക്കരോഗ ബാധിതരുടെയും എണ്ണത്തിൽ വലിയ വർധനയുണ്ടായി. 1,258 പേരാണ് ഇൗ മാസം വയറിളക്കരോഗ ബാധിതരായി ചികിത്സതേടിയത്. രണ്ടാഴ്‌ച മുന്പുവരെ ദിവസവും 60-ൽ താഴെപ്പേർ മാത്രമാണ് വയറിളക്കരോഗങ്ങൾ ബാധിച്ച് ചികിത്സ തേടിയിരുന്നത്. ഇപ്പോൾ 100-ന് അടുത്തെത്തി. എട്ട് പേർക്ക് എലിപ്പനിയും ഒരാൾക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനിയും റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ ഭരണസ്‌തംഭനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ സംവിധാനമില്ലാത്തതുമാണ് പ്രതിരോധം താളം തെറ്റിച്ചത്. അമീബിക് മസ്തിഷ്കജ്വരം, ജപ്പാൻ ജ്വരം, വെസ്റ്റ്നൈൽ പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, എച്ച്1 എൻ1 തുടങ്ങിയവയെല്ലാം ജില്ലയിൽ റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. ഇൗ വർഷം ഇതുവരെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് രണ്ടുപേർക്ക് ജീവൻ നഷ്‌ടമായിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ്‌നൈൽ പനിയും എച്ച്1 എൻ1 അടക്കം സ്ഥിരീകരിച്ചത്. എച്ച്1 എൻ1 പനിക്ക് സമാനമായ മറ്റു ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ രോഗപ്രതിരോധത്തിനുള്ള ഒസെൽറ്റാമിവിർ ഗുളികകൾ മൂന്ന് ലക്ഷത്തിലേറെ ജില്ലയിൽ ലഭ്യമായെങ്കിലും വലിയ രോഗവ്യാപനമുണ്ടായാൽ ഗുളികകൾ തികയാതെവരും. ഒരാൾക്ക് 10 ക്യാപ്സൂളെങ്കിലും വേണം. ഇവ കൂടുതൽ സംഭരിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ചികിത്സ തേടിയെത്തുന്നവർക്ക് മറ്റുരോഗലക്ഷണങ്ങൾ സംശയിച്ചാൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.











0 comments