ad
Deshabhimani

തീരാദുരിതം

മുട്ടാറിൽ വെള്ളപ്പൊക്ക ബാധിതരെ ടിപ്പർലോറിയിൽ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നു

മുട്ടാറിൽ വെള്ളപ്പൊക്ക ബാധിതരെ ടിപ്പർലോറിയിൽ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 02:11 AM | 1 min read

ആലപ്പുഴ

ശക്‌തമായ മഴയും കിഴക്കൻവെള്ളത്തിന്റെ വരവുമായതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. വലിയതോതിൽ കൃഷിനാശവുമുണ്ടായി. കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലകളിൽ ദുരിതം തുടരുകയാണ്‌. പലഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട്‌ രൂപപ്പെട്ടു. തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതും പൊഴിമുഖം മുഴുവൻ തുറക്കാത്തതും നീരൊഴുക്ക്‌ തടസപ്പെടുത്തി. മഴക്കെടുതിയിൽ ജില്ലയിൽ രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാതായി. നാലുദിവസത്തിനിടെ ജില്ലയിൽ 175 ശതമാനം അധികമഴയാണ് പെയ്‍തത്. 50.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 139.2 മില്ലീമീറ്റർ ലഭിച്ചു. കനത്തമഴയിൽ 68.17 കിലോമീറ്റര്‍ തദ്ദേശറോഡ് തകര്‍ന്നു. 27.56 കോടി രൂപയുടെ നഷ്‍ടമാണ് കണക്കാക്കുന്നത്. 14 കെട്ടിടത്തിന്‌ നാശമുണ്ടായി 2.78 കോടിയാണ്‌ ഇതിൽ നഷ്‌ടം കണക്കാക്കുന്നത്‌. ചമ്പക്കുളം പഞ്ചായത്തിലെ മൂലം പൊങ്ങമ്പ്ര, കണ്ടങ്കരിയിലെ ചക്കങ്കരി അറുന്നൂറ് എന്നീ പാടശേഖരങ്ങളിൽ മടവീഴ്‌ചയുണ്ടായി. താഴ്‌ന്ന പ്രദേശമായ കൈനകരിയിലെ ആറുപങ്ക്, ചെറുകാലിക്കായൽ, പരിത്തിവളവ് എന്നീ പാടശേഖരങ്ങളിൽ ബണ്ട് കവിഞ്ഞ് വെള്ളം കയറുകയാണ്. മഴയ്‌ക്ക്​ നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതിനാൽ കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖകളിൽ ജലനിരപ്പ്​ ക്രമാതീതമായി. അമ്പലപ്പുഴ-–തിരുവല്ല പാതയിൽ വെള്ളംകയറി നീരേറ്റുപുറം, മുട്ടാർ, തായങ്കരി, കണ്ടങ്കരി അടക്കമുള്ള പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ഗ്രാമീണ റോഡുകളും വീടുകളും വെള്ളത്തിൽ മുങ്ങി. സ്വകാര്യവാഹനങ്ങൾ ഉയർന്ന പാലങ്ങൾക്ക്​ മുകളിലാണ്​ കയറ്റിയിട്ടിരിക്കുന്നത്​. വലിയ ലോറികളും വള്ളങ്ങളും ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്​ മാറ്റുന്നത്​. കിടങ്ങറ ബസാർ, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംകര എന്നിവിടങ്ങളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു. ആലപ്പുഴ പട്ടണത്തിലെ താഴ്‍ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home