തൈക്കാട്ടുശേരി ബെവ്‌കോ ഒൗട്ട്‌ലെറ്റ് ആക്രമണം
മർദനമേറ്റ അനീഷ്‌കുമാറിനെ ഡിവൈഎഫ്‌ഐ നേതാക്കൾ സന്ദർശിച്ചു

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേലിന്റെ നേതൃത്വത്തിൽ അനീഷ്‌കുമാറിനെ സന്ദർശിച്ചപ്പോൾ
സ്വന്തം ലേഖകൻ
ചേർത്തല
തൈക്കാട്ടുശേരി ബെവ്‌കോ ഒൗട്ട്‌ലെറ്റ് അങ്കണത്തിൽ അഞ്ചംഗസംഘത്തിന്റെ ക്രൂരമർദനത്തിനിരയായ അനീഷ്‌കുമാറിനെ ഡിവൈഎഫ്‌ഐ നേതൃസംഘം സന്ദർശിച്ചു. തൈക്കാട്ടുശേരി ശാന്തിക്കവല മഠത്തിവെളി അനീഷ്‌കുമാറിനെ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേലിന്റെ നേതൃത്വത്തിലാണ് സന്ദർശിച്ചത്. സംഭവം ചോദിച്ചറിഞ്ഞ നേതൃസംഘം പിന്തുണ അറിയിച്ച് ആത്മവിശ്വാസം പകർന്നു. മനഃസാക്ഷിയെ ഞെട്ടിച്ച ആക്രമണത്തിൽ ഉൾപ്പെട്ടവർക്ക് എതിരെ കർശന നിയമനടപടി ഉണ്ടാകണമെന്ന് നേതാക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ കെ ജെ ജിസ്‌മി, ജോയിന്റ് സെക്രട്ടറി അജ്‌മൽ ഹസൻ, ചേർത്തല ബ്ലോക്ക് സെക്രട്ടറി എസ് സുമേഷ്, ബ്ലോക്ക്–മേഖല ഭാരവാഹികളായ അഡ്വ. കെ പി പ്രിൻസ്, വിമൽ മോഹൻ, എസ് സതീഷ്, ഡി ദിബീഷ്, നിധീഷ് മോഹൻ എന്നിവർ സന്ദർശകസംഘത്തിൽ ഉൾപ്പെട്ടു. 26ന് വൈകിട്ടാണ് അനീഷ്‌കുമാറിനെ അഞ്ചംഗസംഘം ഭീകരമായി വളഞ്ഞിട്ട് ആക്രമിച്ചത്. അക്രമികൾ മദ്യംവാങ്ങാൻ വരിതെറ്റിച്ച് കയറിയത് മറ്റൊരാൾ ചോദ്യംചെയ്‌തത് സംഘർഷത്തിൽ എത്താതിരിക്കാൻ ഇടപെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോദൃശ്യം പ്രചരിച്ചതോടെയാണ് പൂച്ചാക്കൽ പൊലീസ് കേസെടുത്തത്. സംഭവശേഷം പൊലീസ് എത്തിയാണ് അനീഷ്‌കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അക്രമിസംഘത്തെ ഭയന്ന അനീഷ്‌കുമാർ പരാതിയില്ലെന്ന് അന്ന് പറഞ്ഞിരുന്നു. ദൃശ്യത്തിലൂടെ ആക്രമണത്തിന്റെ ഭീകരത മനസിലാക്കിയ കൂട്ടുകരും നാട്ടുകാരും ധൈര്യം പകർന്നപ്പോഴാണ് നിയമനടപടിക്ക് സന്നദ്ധനായത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടി. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ അനീഷ്‌കുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്‌ത്രക്രിയയ്‌ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്.










0 comments