നഗരത്തിൽ രണ്ടാമത്തെ മരണം
മരണക്കെണിയായി ഓടകൾ

ആലപ്പുഴ നഗരസഭ മുനിസിപ്പൽ ടൗൺഹാളിന് മുന്നിലെ റോഡിൽ തകർന്ന ഓടകൾ
സ്വന്തം ലേഖകൻ
ആലപ്പുഴ
നഗരത്തിലെത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മൂടിയില്ലാത്ത ഓടകൾ. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നടപ്പാതകൾ സുരക്ഷിതമാക്കിയെന്ന് നഗരസഭ അവകാശപ്പെടുമ്പോഴും പ്രധാന ഭാഗങ്ങളിലെ ഓടകൾക്ക് പലതിനും മൂടിയും കൈവരിയുമില്ല. ഓടനിർമാണം നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. കനാൽ തീരത്തുള്ള നിർമാണത്തിന്റെ വലിയകുഴിയിൽ വീണ് ശനിയാഴ്‌ച സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചിരുന്നു. ആലപ്പുഴ മംഗലം വടക്കേതയ്യിൽ വീട്ടിൽ മഹേഷ് മാനുവൽ (66) മരിച്ചത്. രണ്ടടിയിലേറെ താഴ്ചയുള്ള കുഴിയിൽ വീണായിരുന്നു അപകടം. ഇൗ വർഷം നഗരത്തിൽ ഓടയിൽ വീണ് മരിക്കുന്ന രണ്ടാമത്തെയാളാണ്. മെയ് 15ന് ചാത്തനാട് വൈഎംസിഎയ്ക്ക് സമീപം കവിത ഐടിസിയോടു ചേർന്നുള്ള ഓടയിൽ വീണ് ചാത്തനാട് വേലൻപറമ്പിൽ ബോബൻ (45) മരിച്ചിരുന്നു. അപകടത്തിന് ശേഷവും ഇവിടെ സുരക്ഷാ വേലിയോ മൂടിയോ നഗരസഭ നിർമിച്ചിട്ടില്ല. ഓടകൾക്കുമേൽ പാകിയ സ്ലാബുകളുടെ മുകളിലൂടെയാണ് ഭൂരിഭാഗം കാൽനടക്കാരും യാത്രചെയ്യുന്നത്. സ്ലാബ് തകർന്നുകിടക്കുന്നത് കാൽനടയാത്രക്കാരെയാണ് കൂടുതൽ അപകടത്തിലാക്കുന്നത്. മുനിസിപ്പൽ ടൗൺഹാളിനും ജനറൽ ആശുപത്രിക്കും എക്‌സൈസ് സർക്കിൾ ഓഫീസിനും മുന്നിലെ ഓടയുടെ മൂടിയും തകർന്നു. കൂടുതൽ കാൽനടയാത്രക്കാരുള്ള സ്ഥലങ്ങളാണ് ഇവ. മുല്ലയ്‌ക്കൽ സീറോ ജങ്‌ഷനിൽനിന്ന് ഇരുമ്പുപാലത്തിലേക്ക് പോകുന്ന റോഡിലും ഓടയ്‌ക്ക് പലയിടത്തും മൂടിയില്ല. രാത്രികാലങ്ങളിൽ കെഎസ്‌ആർടിസി ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയാണിത്. തകർന്നുകിടക്കുന്ന ഓടയുടെ കോൺക്രീറ്റ് പാളികളും കമ്പിയും യാത്രക്കാർക്ക് വൻ ഭീഷണിയാണ്. ആറാട്ടുവഴി ജങ്‌ഷന് സമീപത്തും കോൺവന്റ് സ്‌ക്വയറിലും കൈചൂണ്ടിമുക്കിലും പലയിടങ്ങളിൽ ഓടയ്‌ക്ക് മൂടിയില്ല.








0 comments