നഗരത്തിലെ വെള്ളപ്പൊക്ക ദുരിതം
കൗൺസിലിൽ ചർച്ച അനുവദിച്ചില്ല

നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധ ധർണ്ണ നടത്തുന്നു
ആലപ്പുഴ
വെള്ളപ്പൊക്ക ദുരിതം സംബന്ധിച്ച് നഗരസഭാകൗൺസിലിൽ ചർച്ച അനുവദിക്കാതെ യുഡിഎഫ് ഭരണസമിതി. യുഡിഎഫ് ഭരണത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും മഴക്കാലപൂർവ മുന്നൊരുക്കങ്ങളും പാളിയെന്ന വിമർശനം നിലനിൽക്കുമ്പോളാണ് ചർച്ച അനുവദിക്കാതെ ഭരണസമിതിയുടെ ഒളിച്ചോട്ടം. വെള്ളപ്പൊക്ക ദുരിതം ആദ്യ പരിഗണന നൽകി ചർച്ച ചെയ്യണമെന്ന എൽഡിഎഫ് അംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ മറ്റ് അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് നഗരസഭാധ്യക്ഷ കൗൺസിൽ യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയി. ഇതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളാകെ വെള്ളത്തിലാണ്. പള്ളാതുരുത്തി, തിരുമല വാർഡുകളാണ് ഏറ്റവും ദുരിതത്തിൽ. നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതിയും ദയനീയമാണ്. അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ ഇവിടെ തിരിഞ്ഞു നോക്കുന്നില്ല. നഗരസഭയ്‌ക്ക് ചെയ്യാനാകുന്ന കാര്യങ്ങളെങ്കിലും ചർച്ച ചെയ്യാം. ജനങ്ങളുടെ ജീവൽപ്രശ്‌നമായതിനാൽ വിഷയത്തിന് ആദ്യ പരിഗണന നൽണമെന്ന് എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ വി ജി വിഷ്ണു ആവശ്യപ്പെട്ടപ്പോൾ യുഡിഎഫ് കൗൺസിലർമാർ ബഹളംവച്ചു. മറ്റ് അജണ്ടകൾ ആദ്യം പരിഗണിക്കുമെന്ന് നഗരസഭാധ്യക്ഷ നിലപാടെടുത്തതോടെ എൽഡിഎഫ് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. അജണ്ടകൾ ചർച്ചയില്ലാതെ പാസായെന്ന പ്രഖ്യാപിച്ച് നഗരസഭാധ്യക്ഷയും ഇറങ്ങിപ്പോയി.










0 comments