കൺസ്യൂമർഫെഡ് ഓണച്ചന്തകൾ 26ന് തുടങ്ങും
നല്ലോണം ഉണ്ണാം


സ്വന്തം ലേഖകൻ
Published on Aug 19, 2025, 01:34 AM | 1 min read
ആലപ്പുഴ
ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ഫെഡ്. അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുള്ള ഓണച്ചന്തകൾ 26ന് ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 1800 ഓണച്ചന്തയാണ് കണ്‍സ്യൂമര്‍ഫെഡ് തുറക്കുന്നത്. സെപ്തംബർ നാലുവരെയാണ് ചന്ത. 13 നിത്യോപയോഗസാധനം സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും.
ജില്ലയിൽ 14 ത്രിവേണി സൂപ്പർ മാർക്കറ്റിലും 104 സഹകരണസംഘത്തിലുമായി 118 കേന്ദ്രത്തിലാണ് ഓണച്ചന്ത. വിവിധ സഹകരണസംഘങ്ങളുടെ വെളിച്ചെണ്ണയാണ് ചന്തകളിലൂടെ നൽകുക. -സബ്സിഡി ഇതര സാധനങ്ങൾക്കും 10മുതൽ 40 ശതമാനംവരെ വിലക്കുറവുണ്ട്. കൂടാതെ ആട്ട, മൈദ, റവ, പുട്ടുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി തുടങ്ങിയ ത്രിവേണി ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 40 ശതമാനംവരെ വിലക്കുറവ് ലഭിക്കും. ത്രിവേണി തേയില 250, 500 ഗ്രാം വാങ്ങുമ്പോൾ അതേതൂക്കത്തിൽ പഞ്ചസാര സൗജന്യമായി ലഭിക്കും.
സൂപ്പർ മാർക്കറ്റിൽനിന്ന് 1000 രൂപയ്‌ക്കുമുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് പായസക്കിറ്റും സഹകരണസംഘങ്ങളിൽ 600 രൂപയ്‌ക്കുമുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഗിഫ്റ്റ് കൂപ്പണും നൽകും. ജില്ലാതലത്തിൽ നടത്തുന്ന നറുക്കെടുപ്പിലെ വിജയിക്ക് 44 ഇഞ്ചിന്റെ എൽഇഡി ടിവി സമ്മാനമായി നൽകും.
റേഷൻകാർഡ് മുഖേന നിയന്ത്രണവിധേയമായാണ് സാധനങ്ങളുടെ വിതരണം. ഒരുദിവസം 75 പേർക്കാണ് നിത്യോപയോഗസാധനങ്ങൾ ലഭിക്കുക. ജില്ലയിലെ ഓണച്ചന്തകളിലേക്കുള്ള സാധനങ്ങൾ 14 മുതൽ ഹരിപ്പാട്ടെ ഗോഡൗണിൽനിന്ന് വിതരണംചെയ്‌തുതുടങ്ങി. കൺസ്യൂമർഫെഡ് എക്‌സി. ഡയറക്‌ടർ എ ഓമനക്കുട്ടൻ ആദ്യവാഹനം ഫ്ലാഗ് ഓഫ് ചെയ്‌തു. സഹകരണവിപണിയുടെ സംസ്ഥാന ഉദ്ഘാടനം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തും.








0 comments