യുവതിയുടെ മരണം
ഭർതൃവീട്ടിലെ പീഡനത്താലെന്ന് പരാതി

ഫാത്തിമ
ഹരിപ്പാട്
തൃക്കുന്നപ്പുഴ പാനൂരിൽ നവവധു ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരൻ തൃക്കുന്നപ്പുഴ പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം. പാനൂർ കൊല്ലന്റഴത്ത് വീട്ടിൽ അബ്ദുൾ നാസർ–റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമയെ (19) പെരുന്നാൾ ദിനം രാത്രി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏപ്രിൽ 19നായിരുന്നു പുന്നപ്ര വലിയ പറമ്പ് നൗഫൽ മൻസിലിൽ നൗഫലുമായുള്ള (28) വിവാഹം. പെരുന്നാളിന് ഉച്ചയ്ക്ക് നൗഫൽ ഫാത്തിമയുമായി പാനൂരിലെ വീട്ടിലെത്തിയിരുന്നു. ഫാത്തിമയെ വീട്ടിലാക്കി നൗഫൽ മടങ്ങി. പിന്നീട് ഇരുവരും ഫോണിൽ വഴക്കിട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ ആരോപണം. 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വിവാഹത്തിന് നൽകിയിരുന്നതായും കൂടുതൽ ആവശ്യപ്പെട്ടും കുറ്റങ്ങൾ പറഞ്ഞും ഭർത്താവും അമ്മയും സഹോദരിയും ഫാത്തിമയെ ആക്ഷേപിച്ചിരുന്നതായും സഹോദരൻ നൽകിയ പരാതിയിലുണ്ട്. ഫാത്തിമയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ സഹോദരി ക്രൂരമായ പീഡനങ്ങൾക്കിരയായെന്ന് മനസ്സിലാക്കിയാണ് നൗഫൽ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.









0 comments