അപകടം ചേർത്തല ഒറ്റപ്പുന്നയിൽ
മേൽപ്പാതയിൽനിന്ന് കാർ സർവീസ് റോഡിൽ വീണു; 5 പേർക്ക് പരിക്ക്

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്നയിൽ മേൽപ്പാതയിൽനിന്ന് സർവീസ് റോഡിൽവീണ കാർ

സ്വന്തം ലേഖകൻ
Published on Sep 08, 2026, 01:53 AM | 1 min read
ചേര്‍ത്തല
ദേശീയപാതയിൽ ചേര്‍ത്തല റെയിൽവേ സ്‌റ്റേഷന് വടക്ക് ഒറ്റപ്പുന്നയില്‍ നിര്‍മാണം ഭാഗികമായി പൂര്‍ത്തിയായ മേല്‍പ്പാതയില്‍നിന്ന് കാര്‍ സർവീസ് റോഡിൽ പതിച്ചു. 15 അടിയോളം ഉയരത്തില്‍നിന്നാണ് കാര്‍ തലകീഴായി പതിച്ചത്. കാറിലുണ്ടായിരുന്ന ഗര്‍ഭിണി ഉൾപ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചല്‍ സ്വദേശികളായ അശ്വതി (23), ഭര്‍ത്താവ് സതീഷ് (28), ഷാനി (42), നസ്രിന്‍ (13), വിഷ്‌ണുരാജ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കൾ വൈകിട്ട് അഞ്ചോടെയാണ് അപകടം.
തലയ്‌ക്കും കണ്ണിനും ഗുരുതര പരിക്കേറ്റ അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സതീഷും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. തലയ്‌ക്ക് പരിക്കേറ്റ ഷാനിയെയും നസ്രിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷിന്റെയും വിഷ്‌ണുരാജിന്റെയും പരിക്ക് ഗുരുതരമല്ല.
ഞായറാഴ്‌ച ഗുരുവായൂർ ക്ഷേത്രത്തിൽ ഷാനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്പോഴാണ് അപകടത്തിൽപ്പെട്ടത്. മേല്‍പ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകാത്ത കൈവരിയുടെ ഇരുന്പുതൂണുകള്‍ തകര്‍ത്താണ് കാര്‍ താഴേക്ക് വീണത്.
കാറിനുള്ളില്‍പ്പെട്ട അഞ്ചാളുകളെയും അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും ഇതര വാഹനയാത്രക്കാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചവരെ തുടർന്ന് കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.










0 comments