ad
Deshabhimani

കാഞ്ഞങ്ങാട്ട്‌ മഹാശിലാകാല തെളിവുകൾ

ഡോ. നന്ദകുമാർ കോറോത്തും സ്ഥലമുടമ സജിത്ത് കുമാറും ചെങ്കല്ലറ പരിശോധിക്കുന്നു
വെബ് ഡെസ്ക്

Published on Sep 08, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

നഗരസഭയിലെ നിട്ടടുക്കത്ത് 2000 വർഷം മുമ്പ് ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയിൽ താമസിക്കുന്ന എൻ സജിത്ത്കുമാറിന്റെ വീട്ടുപറമ്പിലാണ് മഹാശിലാകാലഘട്ടത്തിലെ ശവസംസ്ക്കാര ചടങ്ങുകളുടെ ഭാഗമായി നിർമിച്ചതെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഗുഹ മഹാശില കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പാണെന്ന്‌ വ്യക്തമായത്‌. ശവസംസ്കാരത്തിന്റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റ് വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കംചെയ്താണ് മഹാശിലാ കാലഘട്ടത്തിൽ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്. ​ചെങ്കൽപ്പാറ തുരന്ന് നിർമിച്ച ചെങ്കല്ലറയുടെ വൃത്താകൃതിയിലുള്ള ഉൾഭാഗത്തുനിന്ന് പുറത്തേക്കുള്ള കവാടം കല്ലുകൊണ്ട് അടച്ച നിലയിലാണുള്ളത്. സാധാരണയായി പടികളോടുകൂടി കാണപ്പെടാറുള്ള ഭാഗം മണ്ണുമൂടിയ നിലയിലായിരുന്നു. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചുവയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഉ‍ൗഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്. ദ്വാരം അടക്കാനുപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അടപ്പ് വീണുകിടക്കുന്ന നിലയിലാണുള്ളത്. അതിനു പകരമായാണ് വലിയ പാറക്കഷ്ണം സ്ഥലമുടമകൾ എഴുപത്തഞ്ച് വർഷം മുമ്പ് കയറ്റി വച്ചത്. ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പാണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്. കാഞ്ഞങ്ങാട് കണ്ടെത്തിയ ചെങ്കല്ലറയുടെ മുകൾഭാഗത്ത് മധ്യത്തിലായി 50 സെന്റീമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള ദ്വാരവുമുണ്ട്. രണ്ട് മീറ്റർ ആഴത്തിലുള്ള ദ്വാരത്തിന് താഴെയായി വൃത്താകൃതിയിലാണ് ചെങ്കല്ലറയുള്ളത്. ചെങ്കല്ലറയുടെ ഉൾഭാഗത്ത് മണ്ണ് നിറഞ്ഞതിനാൽ മൺപാത്രങ്ങൾ കാണാനാകുന്നില്ല. പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, മുതലപ്പെട്ടി, നിധിക്കുഴി, കൽപ്പത്തായം എന്നീ പേരുകളിലാണ് ചെങ്കല്ലറകൾ അറിയപ്പെടുന്നത്. ചെങ്കല്ലറകൾ, കൊടുംകല്ലറകൾ, തൊപ്പിക്കല്ലുകൾ, കുടക്കല്ലുകൾ, നന്നങ്ങാടികൾ, കൽ വൃത്തങ്ങൾ, ശിലാചിത്രങ്ങൾ എന്നിവയാണ് ജില്ലയിൽനിന്ന്‌ ഇതുവരെ ലഭ്യമായ മഹാശിലാ സ്മാരകങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home