ad
Deshabhimani

അർധരാത്രി ഉടമയറിയാതെ കെട്ടിടം പൊളിച്ചു

building

പൊളിച്ച കടയുടെ അവശിഷ്‌ടങ്ങൾക്കരികെ അശോക-്-കുമാര്‍

വെബ് ഡെസ്ക്

Published on Jul 27, 2026, 12:18 AM | 1 min read

ഹരിപ്പാട്

കച്ചേരി ജങ്ഷനിലുണ്ടായിരുന്ന കെട്ടിടവും സമീപത്തെ മുറുക്കാൻ കടയും ഉടമ അറിയാതെ രാത്രി ജെസിബി ഉപയോഗിച്ച്‌ പൊളിച്ചുനീക്കി. ഹരിപ്പാട് വെട്ടുവേനി മണ്ണൂർ പടീറ്റതിൽ അശോക്‌കുമാറിന്റെ കടയാണ് ഞായർ പുലർച്ചെ പൊളിച്ചത്. കടയ്‌ക്കുള്ളിലുണ്ടായിരുന്ന ഫ്രിഡ്‌ജ്‌ അടക്കമുള്ളവ റോഡിലേക്ക് തള്ളിയ ശേഷമാണ് കെട്ടിടം ഇടിച്ചുതകർത്തത്‌. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ്‌ ഉടമ സംഭവമറിയുന്നത്‌. ​അശോക്‌കുമാറിന്റെ കടയോട് ചേർന്നുള്ള കെട്ടിടം സമീപത്തുള്ള ശ്രീവത്സം എന്ന ടെക്‌സ്‌റ്റൈൽ ഷോപ്പുടമ വാങ്ങിയിരുന്നു. എന്നാൽ അതിനോട് ചേർന്ന് രണ്ടുതലമുറയായി ലൈസൻസ്‌ സഹിതം പെട്ടിക്കട നടത്തിവന്ന അശോക്-കുമാർ തന്റെ കട വിൽക്കാൻ തയ്യാറായില്ല. അതിനിടെ ശ്രീവത്സം ഉടമ വാങ്ങിയ കെട്ടിടം ജീർണാവസ്ഥയിലാണെന്നും പൊളിച്ചുനീക്കണമെന്നും കാണിച്ച് മറ്റൊരാൾ മുനിസിപ്പൽ സെക്രട്ടറി, ശ്രീവത്സം ഉടമ എന്നിവരെ എതിർകക്ഷിയാക്കി ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയതും ഇതിനിടയാണ്‌. കോടതിയിൽനിന്ന്‌ ലഭിച്ച നോട്ടീസിന് മുനിസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ പെട്ടിക്കട പ്രവർത്തിക്കുന്ന കാര്യം മറച്ചുവച്ചതായി വാർഡ് കൗൺസിലർ അഡ്വ. സജു കെ ജോയി പറഞ്ഞു. പൊളിക്കുന്നതിന്‌ മുമ്പ്‌ കടയുടമയ്‌ക്ക് നോട്ടീസ് നൽകാൻ പോലും സെക്രട്ടറി തയ്യാറായില്ല. സിപിഐ എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, മുനിസിപ്പൽ കൗൺസിലർമാരായ പി എം ചന്ദ്രൻ, അഡ്വ. സജു കെ ജോയി എന്നിവർ സ്ഥലത്തെത്തി അശോക്‌കുമാറിന് നീതി ഉറപ്പാക്കുമെന്നറിയിച്ചു. ​സംഭവത്തിന്‌ പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്‌ സിപിഐ എം നിലപാട്‌. അശോക്-കുമാർ നൽകിയ പരാതിയിൽ ഇരുകക്ഷികളുമായി ഹരിപ്പാട് പൊലീസ് തിങ്കളാഴ്‌ച ചർച്ച നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home