ശുചിമുറി മാലിന്യ മൊബൈൽ പ്ലാന്റും ഫ്ലാഗ് ഓഫ് ചെയ്യും
മലിനീകരണമില്ലാതെ ജൈവമാലിന്യ സംസ്‌കരണം: പ്ലാന്റ് ഉദ്ഘാടനം 28ന്

കായംകുളത്തെ ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്റ്
കായംകുളം
സമ്പൂർണ മാലിന്യമുക്ത നഗരമായി കായംകുളം മാറുന്നു. പരിസര മലിനീകരണം സൃഷ്‌ടിക്കാതെ ജൈവമാലിന്യം സംസ്‌കരിക്കുന്ന യന്ത്രസംവിധാനങ്ങളുള്ള കേരളത്തിലെ ആദ്യത്തെ പ്ലാന്റും ഇവിടെ തുറക്കുന്നു. ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്റ് 28ന് മന്ത്രി എം ബി രാജേഷാണ് ഉദ്ഘാടനംചെയ്യുന്നത്. ശുചിമുറി മാലിന്യ മൊബൈൽ പ്ലാന്റ് ഫ്ലാഗ്ഓഫും അദ്ദേഹം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. ഡിജി കേരള 2.0 ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച പദ്ധതിയായ വ്യക്തികളുടെ ആധികാരിക രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന ഡീഡ് പദ്ധതി തദ്ദേശവകുപ്പ് സെപഷ്യൽ സെക്രട്ടറി അനുപമ ഉദ്ഘാടനംചെയ്യും. നഗരസഭ 23–-ാം വാർഡിൽ നാലരയേക്കർ സ്ഥലത്ത് മൂന്നരക്കോടി രൂപ മുടക്കിയാണ് പ്ലാന്റ് നിർമിച്ചത്. വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്‌ത്രീയമായി സംസ്‌കരിച്ച് വളമാക്കിമാറ്റുന്ന പദ്ധതിയാണിത്. ദിവസേന ആറുടൺ ജൈവമാലിന്യം സംസ്‌കരിക്കാൻ ശേഷിയുണ്ട്. പട്ടണത്തിൽ ശുചിമുറി മാലിന്യം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്‌ടിച്ചു. കിണറുകളിലും ജലാശയങ്ങളിലും ഇ–കോളിഫോം ബാക്‌ടീരിയയുടെ അളവ് കൂടുതലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് ആധുനിക ശുചിമുറിമാലിന്യ സംസ്‌കരണ മൊബൈൽ പ്ലാന്റ്. വീടുകളിലെത്തി കക്കൂസ്‌മാലിന്യം ശേഖരിച്ച് അവിടെത്തന്നെ സംസ്‌കരിക്കുന്ന പദ്ധതിയാണിത്. ബിപിഎൽ കുടുംബത്തിന് 2500ഉം എപിഎല്ലിന് 3500 ഉം സ്ഥാപനങ്ങൾക്ക് 5000 രൂപയുമാണ് സർവീസ് ചാർജ്.








0 comments