ആലപ്പുഴ അമരത്ത് എൽഡിഎഫ്
വികസനത്തുടർച്ചയ-്ക്ക് വീണ്ടും വിജയവിസിൽ

ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞചെയ-്ത എ മഹേന്ദ്രന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷീന സനൽകുമാർ ഹസ-്തദാനം നൽകുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ
ജില്ലയുടെ വികസനമുന്നേറ്റം തുടരാൻ വീണ്ടും എൽഡിഎഫ്. ആലപ്പുഴയുടെ ഒമ്പതാമത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എ മഹേന്ദ്രനും വൈസ് പ്രസിഡന്റായി ഷീന സനൽകുമാറും ചുമതലയേറ്റു. ശനി പകൽ 10.34 ഓടെ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. പ്രസിഡന്റായി നൂറനാട് ഡിവിഷനിൽനിന്ന് ജയിച്ച എൽഡിഎഫിലെ എ മഹേന്ദ്രന്റെ പേര് എസ് രാധാകൃഷ്‌ണൻ നിർദേശിച്ചു. രാജേഷ് വിവേകാനന്ദ പിന്താങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി പള്ളിപ്പാട് ഡിവിഷനിൽനിന്ന് ജയിച്ച ജോൺ തോമസിന്റെ പേര് എ ആർ കണ്ണൻ നിർദേശിച്ചു. ബി രാജലക്ഷ്‌മി പിൻതാങ്ങി. 24 അംഗ ജില്ലാ പഞ്ചായത്തിൽ എട്ടിനെതിരെ 16 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി എ മഹേന്ദ്രൻ വിജയിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി വി സത്യനേശൻ തുടങ്ങിയവർ എ മഹേന്ദ്രനെ അനുമോദിച്ചു. വരണാധികാരിയായ കലക്‌ടർ അലക്‌സ് വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപഹാരവും നൽകി. ജില്ലാ പഞ്ചായത്ത് എക്കാലവും ആലപ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികളാണ് ഏറ്റെടുക്കുന്നതെന്നും ജില്ലയിൽ വന്ന മാറ്റങ്ങളിൽ പ്രധാന പങ്ക് ജില്ലാ പഞ്ചായത്തിന്റേതാണെന്നും ആർ നാസർ പറഞ്ഞു. മികച്ച ഒരു ടീമാണ് ഇത്തവണത്തേതെന്നും ത്രിതല പഞ്ചായത്തുകളെ ഏകോപിപ്പിച്ച് സമഗ്ര വികസനത്തിന് നേതൃത്വം നൽകാൻ പുതിയ ഭരണസമിതിക്ക് കഴിയണമെന്നും അദ്ദേഹം ആശംസിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എട്ടിനെതിരെ 16 വോട്ടുകൾക്ക് അഡ്വ. ഷീന സനൽകുമാർ വിജയിച്ചു. യുഡിഎഫിലെ ബബിത ജയനെയാണ് തോൽപിച്ചത്. മൂന്നോടെ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ഭഗീരഥൻ അനുമോദിച്ചു. എഡിഎം ആശാ സി എബ്രഹാം, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ് ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചുമതലയേറ്റ പ്രസിഡന്റും വൈസ് പ്രസിഡന്റും എൽഡിഎഫ് അംഗങ്ങളും വലിയ ചുടുകാട്ടിലും വയലാറിലും പുഷ്‌പാർച്ചന നടത്തി. സമഗ്ര വികസനം ലക്ഷ്യം: എ മഹേന്ദ്രൻ ജില്ലയുടെ സമഗ്രമായ വികസനത്തിന് പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റശേഷം എ മഹേന്ദ്രൻ ദേശാഭിമാനിയോട് പറഞ്ഞു. വലിയ ചുമതലകളും ഉത്തരവാദിത്തങ്ങളുമാണ് ജനം ഏൽപ്പിച്ചത്. കേരളത്തിലെ പ്രധാന ജില്ലകളിലൊന്നാണ് ആലപ്പുഴ. പരമ്പരാഗത വ്യവസായവും കാർഷിക സംസ്‌കാരവും അനുബന്ധ മേഖലകളുമാണ് ജില്ലയുടേത്. എല്ലാ മേഖലകളുടെയും വികസത്തിന് സഹായിക്കുന്ന പദ്ധതികളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരംസമിതി ആറിന് ജനുവരി അഞ്ച് മുതൽ ഏഴു വരെ തീയതികളിലാണ് സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി. ജില്ലയിൽ തെരഞ്ഞെടുപ്പ് ആറിന് പകൽ 10.30-ന് നടക്കുമെന്ന് വരണാധികാരിയായ കലക്ടർ അറിയിച്ചു.











0 comments