ad
Deshabhimani

ആലപ്പുഴ ജനറൽ ആശുപത്രിക്ക്‌ ദേശീയ അംഗീകാരം

general hospital
വെബ് ഡെസ്ക്

Published on Jun 26, 2026, 01:58 AM | 1 min read

ആലപ്പുഴ

എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടത്തിയ വികസനമികവിന്റെ നേർസാക്ഷ്യമായി ആലപ്പുഴ ജനറൽ ആശുപത്രിക്ക്‌ ദേശീയ അംഗീകാരം. മാതൃശിശു മരണനിരക്ക്‌ കുറയ്‌ക്കുക, ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം, അടിസ്ഥാന മേഖലയിലും ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ്‌ പുരസ്‌കാരം. നൂതന സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ച്‌ ആശുപത്രിയെ ‘മിനി മെഡിക്കൽ കോളേജ്‌’ നിലവാരത്തിലേക്ക്‌ ഉയർത്താൻ എൽഡിഎഫ്‌ സർക്കാരിനായി. ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർക്കായി ‘360 ഡിഗ്രി ക്ലിനിക്‌’ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. രോഗിയെ എല്ലാവിധ പരിശോധനകളും പൂർത്തിയാക്കി ഒടുവിൽ മാത്രം ഡോക്‌ടറുടെ മുന്നിൽ എത്തിക്കുന്നതാണ്‌ സംവിധാനം. പക്ഷാഘാത രോഗികൾക്ക്‌ ഉടനടി ചികിത്സനൽകി ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനാകുന്ന ‘സ്ട്രോക്‌ ഐസിയു’, റേഡിയോളജി വിഭാഗത്തിൽ അത്യാധുനിക ‘12 സ്ലൈസ്‌ സിടി സ്‌കാൻ’, മാമോഗ്രാം, ത്രിമാന എക്‌സ്‌റേ യൂണിറ്റ്‌, അൾട്രാസ‍ൗണ്ട്‌ സ്‌കാൻ, ശ്വാസകോശരോഗങ്ങൾ പ്രതിരോധിക്കാൻ ബ്രോങ്കോസ്‌കോപ്പി, പാന്പുകടിയേറ്റ്‌ എത്തുന്നവർക്ക്‌ കൃത്യമായ ചികിത്സ നൽകാൻ പിടിഐഎൻആർ മെഷീൻ, ഫാറ്റി ലിവർ പ്രാരംഭത്തിൽതന്നെ കണ്ടെത്താൻ ഫൈബ്രോ സ്‌കാൻ, കാൻസർ രോഗികൾക്കായി ഡേ കെയർ ഓങ്കോളജി വാർഡ്‌, കീമോ തെറാപ്പി യൂണിറ്റ്‌ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്‌. ഗർഭാശയഗള ക്യാൻസർ ചികിത്സയ്‌ക്ക്‌ കോൾപോസ്‌കോപ്പി, 11 വെന്റിലേറ്റർ, സഞ്ചരിക്കുന്ന നേത്ര പരിശോധനാ ക്ലിനിക്‌, കോവിഡാനന്തര ചികിത്സയ്‌ക്ക്‌ ശ്വാസ്‌ ക്ലിനിക്‌, നവജാതശിശുക്കൾക്ക്‌ അടക്കം കേൾവിശക്‌തി പരിശോധിക്കാൻ ബേര മെഷീൻ തുടങ്ങി സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിൽ ഒട്ടേറെ സ‍ൗകര്യങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ ആശുപത്രിയിൽ ഒരുക്കിയത്‌. എംഎൽഎമാരായിരുന്ന എച്ച്‌ സലാമിന്റെയും പി പി ചിത്തരഞ്‌ജന്റെയും ഇടപെടലുകളും ആശുപത്രി വികസനത്തിന്‌ സഹായകമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home