ad
Deshabhimani

കരകവിഞ്ഞ്‌ അച്ചൻകോവിലാർ

മഴയൊഴിഞ്ഞു: ആശങ്ക ഒഴിയുന്നില്ല

വെട്ടിയാർ ചീപ്പ് നിറഞ്ഞ് പെരുവേലിൽച്ചാൽ പുഞ്ചയിലേക്ക് അച്ചൻകോവിലാറ്റിൽനിന്ന്‌ വെള്ളമൊഴുകുന്നു. 
വെട്ടിയാർ പാലത്തിൽനിന്നുള്ള ദൃശ്യം

വെട്ടിയാർ ചീപ്പ് നിറഞ്ഞ് പെരുവേലിൽച്ചാൽ പുഞ്ചയിലേക്ക് അച്ചൻകോവിലാറ്റിൽനിന്ന്‌ വെള്ളമൊഴുകുന്നു. 
വെട്ടിയാർ പാലത്തിൽനിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Aug 06, 2026, 12:05 AM | 1 min read

മാവേലിക്കര
മേഖലയിൽ ബുധനാഴ്‌ച മഴയൊഴിഞ്ഞുനിന്നെങ്കിലും അച്ചൻകോവിലാർ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. താലൂക്കിൽ മൂന്ന് ക്യാമ്പുകൂടി വർധിച്ച് 11 എണ്ണമായി. കണ്ണമംഗലം നോർത്ത് എൽപിഎസ്, തൃപ്പെരുന്തുറ ഫാത്തിമ മാത പള്ളി ഹാൾ, തൃപ്പെരുന്തുറ തെക്കുംമുറി എൽപിഎസ് എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പ്‌. ഇതുകൂടാതെ വെട്ടിയാർ കോട്ടേമല അപ്പോസ്‌തലൻ പെന്തക്കോസ്‌ത്‌ ചർച്ച് ഹാളിൽ 16 കുടുംബത്തിൽനിന്ന്‌ 45 പേർ കഴിയുന്നുണ്ട്. പെരുവേലിൽ ചാൽ പുഞ്ചയുടെ പടിഞ്ഞാറ്‌ ഭാഗത്ത് കോട്ടേമലയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിച്ച കുടുംബങ്ങളാണ് ചർച്ച് ഹാളിലെ ക്യാമ്പിലെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം നിലവിൽ 431 കുടുംബത്തിൽനിന്നായി 1250 പേർ വിവിധ ക്യാമ്പുകളിൽ അഭയം തേടി. ചൊവ്വ രാത്രിയോടെയാണ് ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. പുഞ്ചകളിലേക്ക് വെള്ളം ഒഴുകിയതോടെ പുഞ്ചകളുടെ കരകളിൽ താമസിക്കുന്ന കുടുംബങ്ങളും വെള്ളത്തിലായി. വെട്ടിയാർ, പ്രായിക്കര, കരിപ്പുഴ എന്നിവിടങ്ങളിലാണ് വിവിധ പുഞ്ചകളിൽനിന്നുള്ള നീരൊഴുക്കിന് പതനമുഖങ്ങൾ ഉള്ളത്. ആറ്റിൽ ഒഴുക്ക് ക്രമാതീതമായതോടെ പുഞ്ചകളിലേക്ക് ശക്തമായ ഒഴുക്കാണുള്ളത്. പെരുവേലിൽ ചാൽ, തഴക്കര, കരിപ്പുഴ, മങ്ങാട്ട് മരത്തേരി, ഉള്ളിട്ട പുഞ്ചകളാണ് കരകവിഞ്ഞത്. ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജിൽ ഉള്ളിട്ട പുഞ്ചയോട് ചേർന്നുവരുന്ന പ്രദേശങ്ങളിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. കണ്ണമംഗലം കണ്ടന്തറ, കരിമ്പന്തറ, വടക്കേത്തുണ്ടം നഗറുകളിലും ളാഹയിൽ പാടം ഭാഗത്തുമായി ഉള്ളിട്ട പുഞ്ച കരകവിഞ്ഞ് എഴുപതിലേറെ വീടുകൾ ദുരിതത്തിലായി. തഴക്കര പുഞ്ചയിലെ മാക്രിമട ബണ്ട് റോഡ് വെള്ളത്തിൽ മുങ്ങി. ബണ്ടിന് തെക്ക് തഴക്കര തെക്കേക്കര പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. അറുപതോളം വീടുകളുള്ള കണ്ടിയൂർ കുരുവിക്കാട് മേഖലയിൽ 50 വീടുകളിലും വെള്ളം കയറി. കണ്ടിയൂരിൽനിന്ന്‌ കുരുവിക്കാട്ടേക്ക് പോകുന്ന റോഡ് വെള്ളത്തിൽ മുങ്ങി. ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജിലാണ് കൂടുതൽ ദുരിതം. ഇവിടെ മാത്രം നാല്‌ ക്യാമ്പുണ്ട്‌. തഴക്കരയിൽ രണ്ടും നഗരസഭയിൽ ഒന്നും ക്യാമ്പുകൾ വീതമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുഞ്ചകൾ കരകവിഞ്ഞതോടെ കൂടുതൽ ആളുകൾ ക്യാമ്പുകളിൽ എത്തിത്തുടങ്ങി. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സന്നദ്ധപ്രവർത്തകർ ക്യാമ്പുകളിൽ സേവനം എത്തിച്ച്, മുന്നിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home