അതിദരിദ്രരില്ലാത്ത പട്ടണം; കടമ നിറവേറ്റി കായംകുളം

കായംകുളം നഗരസഭാ അതിർത്തിയിലെ 26 അതിദരിദ്രർക്കുള്ള ഫ്ലാറ്റുകളുടെ താക്കോലുകൾ യു പ്രതിഭ എംഎൽഎ കൈമാറുന്നു
കായംകുളം
അതിദരിദ്രമുക്ത നഗരസഭയായി കായംകുളം. പ്രഖ്യാപനം യു പ്രതിഭ എംഎൽഎ നടത്തി. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭയിലെ അതിദരിദ്രരുടെ സർവേ നടത്തുകയും 199 കുടുംബത്തെ കണ്ടെത്തുകയുംചെയ്‌തു. ഇതിൽ 57 കുടുംബത്തിന് ഭക്ഷ്യസാധനങ്ങൾ ത്രിവേണി സ്‌റ്റോർ വഴി നൽകിവരുന്നു. ആരോഗ്യസേവനം വേണ്ടവർക്ക് മരുന്നും ആശുപത്രി സേവനവും നൽകുന്നു. വീടിന് ആവശ്യക്കാരായ 11 പേർക്കും നൽകി. വീട് പുനരുദ്ധരിക്കാനുള്ള 21 പേർക്ക് രണ്ടുലക്ഷം രൂപവരെ നൽകി. ഭൂരഹിതരും ഭവനരഹിതരുമായ 32 പേർ ഉണ്ടായിരുന്നു. ഇതിൽ ആറ് പേർക്ക് വിവിധ സന്നദ്ധ സംഘടനകൾ ഭൂമി വാങ്ങിനൽകി. ഇവർക്ക് വീടുവയ്‌ക്കാൻ നഗരസഭ സഹായം നൽകി. ബാക്കിവന്ന 26 പേർക്ക് വസ്‌തുവാങ്ങാൻ നഗരസഭ പരിശ്രമിച്ചെങ്കിലും അനുയോജ്യമായ ഭൂമി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെയും മന്ത്രി സജി ചെറിയാന്റെയും ഇടപെടലുണ്ടാകുന്നത്. ഫിഷറീസ്‌വകുപ്പ് പുനർഗേഹം പദ്ധതിയിൽ പുറക്കാട് പഞ്ചായത്തിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ 26 പേർക്കും വീട് നൽകാൻ എൽഡിഎഫ് സർക്കാർ തീരുമാനിക്കുകയായിരുന്നു. മത്സ്യമേഖല സെമിനാറിൽ മന്ത്രി സജി ചെറിയാൻ ഫ്ലാറ്റുകളുടെ താക്കോൽ നഗരസഭാധ്യക്ഷ പി ശശികലയ്‌ക്ക് കൈമാറി. ഫ്ലാറ്റുകളുടെ താക്കോലുകൾ യു പ്രതിഭ എംഎൽഎ ഗുണഭോക്താക്കൾക്ക് കൈമാറി.








0 comments