മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം 2ന്

ആലപ്പുഴ
ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പി പി ചിത്തരഞ്ജൻ എംഎൽഎ തുടങ്ങിയവർ സംസാരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. 3000 പേർക്ക് സദ്യയൊരുക്കും. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്എംസി ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘം ഭവനസന്ദർശനം നടത്തി കലവൂർ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും ക്ഷണിക്കും. 26ന് രാവിലെ ഒമ്പതിന് ഭവനസന്ദർശനം ആരംഭിക്കും. സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആർട്ട് അക്കാദമിയുടേയും നേതൃത്വത്തിൽ കലവൂരിൽ സ്ട്രീറ്റ് ആർട്ട് സംഘടിപ്പിക്കും. ശനി രാവിലെ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. കലവൂർ സ്‌കൂൾ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ മനോഹരമാക്കും. പ്രവേശനോത്സവത്തിന്റെ വിജയത്തിനായി കലവൂരിലെ പൊതുജനങ്ങളിൽനിന്നും കടകളിൽ നിന്നും വിഭവസമാഹരണം നടത്തും. 27ന് വിഭവങ്ങൾ ശേഖരിക്കാൻ കലവൂർ സ്‌കൂളിൽ കലവറ തയ്യാറാക്കും. 29ന് രാവിലെ 10ന് അധ്യാപക സംഗമം സംഘടിപ്പിക്കും. മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പങ്കെടുക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി 31ന് 5000 പേർ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. പ്രവേശനോത്സവത്തിനായി സ്‌കൂൾ ഗ്രൗണ്ടിൽ പന്തൽ തയ്യാറാക്കും. എല്ലാ സ്‌കൂളുകളിലും പരിപാടി തൽസമയം കാണിക്കാൻ സംവിധാനമൊരുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ, ജനറൽ കൺവീനർ ഡിഡിഇ ഇ എസ് ശ്രീലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, എസ്‌എസ്‌കെ ജില്ലാ കോ-ഓർഡിനേറ്റർ എം എസ് വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ കെ ജെ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.









0 comments