കണ്ണൂരിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്ക്

കണ്ണൂർ: കണ്ണൂർ പള്ളിക്കുന്നിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ കണ്ണപ്പുരം ചെറുകുന്ന് സ്വദേശിയായ ജിതിൻ നിലവിൽ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെയാണ് അതേ ട്രാക്കിലൂടെ വന്നിരുന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. തിങ്കളാഴ്ച നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
കൃതിക എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. ചീറിപാഞ്ഞെത്തുന്ന ബസ്, ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അരികിലൂടെ പോകുകയായിരുന്ന മറ്റൊരു ബസിന്റെ അടിയിലേയ്ക്ക് തെറിച്ചുവീണ ജിതിന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. തുടർന്ന് കൃതിക ബസ് നിർത്തുകയും ബസിലെ ജീവനക്കാർ തന്നെ ജിതിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവിന്റെ പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അലക്ഷ്യമായ ഡ്രൈവിങ്ങിലൂടെ കുപ്രസിദ്ധി നേടിയ ബസാണ് കൃതിക. ഇതിനു മുൻപും സമാനമായ അപകടങ്ങൾ കൃതിക ബസ് ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബസ് ജീവനക്കാരോട് നേരിട്ട് ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചു.








0 comments