അമേരിക്കയിലെ സ്കൂളിലെ വെടിവെപ്പ്: 16-കാരന് തോക്ക് സമ്മാനിച്ചത് അമ്മയെന്ന് റിപ്പോർട്ട്

അമേരിക്കയിൽ മൂന്ന് കുട്ടികളെയും അധ്യാപികയെയും കൊലപ്പെടുത്തിയ 16-കാരന് തോക്ക് വാങ്ങിനൽകിയത് അമ്മയാണെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: അമേരിക്കയിലെ ഒറിഗണിൽ പ്രാഥമിക വിദ്യാലയത്തിൽ വെടിവെപ്പ് നടത്തി മൂന്ന് കുട്ടികളെയും അധ്യാപികയെയും കൊലപ്പെടുത്തിയ 16-കാരന് തോക്ക് വാങ്ങിനൽകിയത് അമ്മയാണെന്ന് റിപ്പോർട്ട്. ജന്മദിന സമ്മാനമായാണ് അമ്മ ഷോൺടായ് നിക്കേഴ്സൺ മകൻ ഗ്രിഫിൻ ജെ. ജോൺ രണ്ടാമന് തോക്ക് നൽകിയതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
2026 ഓഗസ്റ്റിൽ നിയമപരമായി വാങ്ങിയ മാവറിക് 88 പമ്പ്-ആക്ഷൻ ഷോട്ട്ഗണാണ് അമ്മ മകന് സമ്മാനിച്ചതെന്നാണ് വിവരം.കഴിഞ്ഞ വ്യാഴാഴ്ച ഒറിഗണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിലായിരുന്നു വെടിവെപ്പ്.
ആദ്യം ഒരു പിക്കപ്പ് ട്രക്കിനുനേരെ വെടിയുതിർത്ത പ്രതി, പിന്നീട് സ്കൂളിലെ പൂട്ടിയിട്ട ഗ്ലാസ് വാതിലുകൾ വെടിവെച്ച് തകർത്താണ് അകത്തുകയറിയത്. തുടർന്ന് ക്ലാസ് മുറിയിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് കുട്ടികളും 25-കാരിയായ അധ്യാപിക മേഗൻ ലാംബർട്ടും കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവെപ്പിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. അതേസമയം, സ്കൂളിന്റെ സുരക്ഷാ സംവിധാനങ്ങളും പ്രതിക്ക് തോക്ക് ലഭിച്ച സാഹചര്യങ്ങളും പരിശോധിക്കാൻ കൊല്ലപ്പെട്ട കുട്ടികളിലൊരാളുടെ മാതാപിതാക്കൾ അഭിഭാഷകരെ നിയോഗിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ ജില്ലയ്ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്.








0 comments