നെൽവില വിതരണം താറുമാറായി
കനിവുകാത്ത് 25,118 കർഷകർ

ആലപ്പുഴ
രണ്ടാംകൃഷിക്ക് പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും പുഞ്ചകൃഷി സീസണിൽ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ പുതിയ കൃഷിയിറക്കാൻ വിത്തിനും വളത്തിനും പണമില്ലാതെ നെൽകർഷകർ. നെല്ല് സംഭരിച്ച് ആറുമാസം പിന്നിട്ടിട്ടും കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിൽ കർഷകർക്ക് ഇനിയും 176.76 കോടി രൂപയാണ് വിതരണംചെയ്യാനുള്ളത്. രണ്ടാം കൃഷിക്കായുള്ള വിത്ത്, വളം, നിലമൊരുക്കൽ എന്നിവയ്‌ക്ക് ബ്ലേഡ് പലിശക്കാരുടെ മുന്നിൽ കൈനീട്ടേണ്ട ഗതികേടിലാണ് ജില്ലയിലെ കർഷകർ. പുഞ്ച സീസണിൽ ജില്ലയിൽ 34,715 കർഷകരിൽ നിന്ന് 1,34,095.44 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 9597 കർഷകർക്കായി 227.19 കോടി രൂപ മാത്രമാണ് വിതരണംചെയ്‌തത്. 25,118 കർഷകരാണ് ഇതോടെ ദുരിതത്തിലായത്. പിആർഎസ് വായ്‌പാ വിതരണത്തിന് ബാങ്കുകളുമായി കരാറിൽ ഏർപ്പെടുന്നതിൽ വരുത്തിയ വീഴ്‌ചയാണ് പ്രതിസന്ധിക്ക് കാരണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്കുകളുമായുള്ള കരാർ മാർച്ച്, -ഏപ്രിൽ മാസങ്ങളിൽ അവസാനിച്ചിരുന്നു. ഇത് കൃത്യസമയത്ത് പുതുക്കുന്നതിൽ ബാങ്ക് അധികൃതർ വീഴ്‌ചവരുത്തിയതിനാൽ ജൂൺ 16നാണ് കരാർ പുതുക്കിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും വിതരണത്തെ ബാധിച്ചു. കരാർ പുതുക്കിയെങ്കിലും ജീവനക്കാരുടെ കുറവ് കാരണം അപേക്ഷകളുടെ പരിശോധന വൈകുകയാണ്. കർഷകരുടെ അക്കൗണ്ടിലേക്ക് പണമെത്താൻ ഇനിയും മാസങ്ങളെടുക്കും. നെല്ല് സംഭരിച്ച് ആറുമാസം കഴിഞ്ഞിട്ടും പണം നൽകാത്തത് കർഷകരോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയാണെന്നും വരും ദിവസങ്ങളിൽ കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാനാണ് സംഘടനകളുടെ തീരുമാനം. അധികൃതർ അടിയന്തരമായി ഇടപെട്ട് കുടിശ്ശിക തീർക്കണമെന്നാണ് കർഷകരുടെ ആവശ്യം.











0 comments