3 ഡെങ്കിപ്പനി, 2 എലിപ്പനി കൂടി
തൃക്കുന്നപ്പുഴയിൽ 2 പേർക്ക് ഷിഗെല്ല

ആലപ്പുഴ
ജില്ലയിൽ രണ്ട് പേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസുകാരന്റെയും 31 വയസുകാരന്റെയും പരിശോധനഫലമാണ് പോസിറ്റീവായത്. മംഗലം സ്വദേശിയുടെ സാമ്പിൾ വ്യാഴാഴ്‌ച പരിശോധനയ്‌ക്ക് അയച്ചു. ജില്ലയിൽ മഴക്കാല രോഗബാധയും ഉയർന്ന നിലയിൽ തുടരുകയാണ്. വ്യാഴാഴ്‌ച 634 പേർ പനിബാധിതരായി ചികിത്സ തേടി. 118 പേർക്ക് വയറിളക്കരോഗവും മൂന്ന് പേർക്ക് ഡെങ്കിപ്പനിയും രണ്ട് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ആറുപേർ പകർച്ചപ്പനി ബാധിച്ചും ചികിത്സതേടി. കരുവാറ്റ, മുതുകുളം, ചുനക്കര എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതമാണ് ഡെങ്കിപ്പനി. ലക്ഷണങ്ങളോടെ മൂന്ന് പേർ നിരീക്ഷണത്തിലുമുണ്ട്. മാന്നാർ, ആലപ്പുഴ നഗരസഭ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ ഓരാൾ ചികിത്സയിൽ തുടരുന്നു. ജൂണിൽ ഇതുവരെ 14,307 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. ഇൗ മാസം ഇതുവരെ 3,580 പേർ വയറിളക്കരോഗ ബാധിതരായി. 35 ഡെങ്കിപ്പനി കേസുകളും 176 പകർച്ചപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു.









0 comments