കെ ഫോണ്‍ കണക്ഷനുകളില്‍ വര്‍ധന
ജില്ലയില്‍ 3488 കണക്ഷൻ

ആലപ്പുഴ
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ- ഫോൺ കണക്ഷന് ജില്ലയിൽ വർധന. സാധാരണക്കാർക്ക് ഏറ്റവും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നെന്ന നിലയിലാണ് കെ ഫോൺ ജനങ്ങളെ ആകർഷിക്കുന്നത്. ജില്ലയിൽ കെ ഫോൺ പദ്ധതിവഴി 3488 കണക്ഷൻ ഇതിനകം നൽകി. 1678.82 കിലോമീറ്റർ കേബിളുകൾ സ്ഥാപിച്ചു. കെഎസ്ഇബി ട്രാൻസ്‌മിഷൻ ടവറുകളിലൂടെ 155.47 കിലോമീറ്റർ ഒപിജിഡബ്യു കേബിളുകളും കെഎസ്ഇബി പോസ്‌റ്റുകൾവഴി 1523.352 കിലോമീറ്റർ എഡിഎസ്എസ് കേബിളുകളുമാണ് സ്ഥാപിച്ചത്. കലക്‌ടറേറ്റ് ഉൾപ്പെടെ 1181 സർക്കാർ ഓഫീസ് കെ ഫോൺ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്. 369 ബിപിഎൽ വീട്ടിൽ കണക്ഷൻ നൽകി. 1938 വാണിജ്യ കണക്ഷനും നൽകി. പ്രാദേശിക ഓപ്പറേറ്റർമാർവഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 115 ലോക്കൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെ ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കണക്ഷനുകൾക്കുവേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. 12 എസ്എംഇ കണക്ഷനും ജില്ലയിൽ നൽകി. പുതിയ ഗാർഹിക കണക്ഷനുവേണ്ടി എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ ഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർവഴിയും കണക്ഷന് രജിസ്റ്റർചെയ്യാം. കെ ഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് കൂടുതൽ അറിയാൻ കെ ഫോൺ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ സന്ദർശിക്കുകയോ 9061604466 എന്ന വാട്സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്‌ത് മെസേജ് ചെയ്‌തോ കെ ഫോൺ പ്ലാനുകൾ അറിയാനാകും.









0 comments