താഴാതെ ജലനിരപ്പ്
കുട്ടനാട്ടുകാർ ആശങ്കയിൽ

കിഴക്കൻവെള്ളത്തിനൊപ്പം ഒഴുകിയെത്തി പുളിങ്കുന്ന് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് സമീപത്തെ കുമ്പളംചിറ പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യുന്നു
മങ്കൊമ്പ്
മഴകുറഞ്ഞിട്ടും കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞിട്ടും കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നില്ല. പകൽ ഇറങ്ങുന്നതിന്റെ ഇരട്ടി വെള്ളമാണ് വൈകുന്നേരത്തെ വേലിയേറ്റത്തിൽ കയറുന്നത്. തിങ്കളാഴ്ച വൈകുന്നേരം അതിശക്‌തമായ വേലിയേറ്റമാണ് അനുഭപ്പെട്ടത്. കുട്ടനാട്ടിലെ സ്കൂളുകളിൽ തിങ്കളാഴ്ച അധ്യയനം ആരംഭിച്ചു. എന്നാൽ വഴികൾ എല്ലാം തന്നെ ഇപ്പോഴും വെള്ളത്തിലാണ്. ആറുകളിലേയും തോടുകളിലേയും ജലനിരപ്പ് ഇനിയും താഴ്‌ന്നിട്ടില്ല. ഒഴുകിയെത്തുന്ന വെള്ളം കടലെടുക്കുന്നില്ലെന്നാണ് കർഷകരും നാട്ടുകാരും സംശയിക്കുന്നത്.
മങ്കൊമ്പ്, വെളിയനാട്, മുട്ടാർ, കാവാലം, രാമങ്കരി പഞ്ചായത്തുകളിൽ താഴ്‌ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. ആലപ്പുഴ –ചങ്ങനാശേരി റോഡ് ഒഴിച്ച് കുട്ടനാട്ടിലെ മറ്റു റോഡുകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പാടശേഖരങ്ങൾക്കുള്ളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ നൂറ് കണക്കിന് വീടുകളും വെള്ളക്കെട്ടിലാണ്.
പുളിങ്കുന്ന് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് സമീപത്തെ കുമ്പളംചിറ പാലത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ തോമസ് കെ തോമസ് എം എൽ എയുടെ നിർദ്ദേശപ്രകാരം നീക്കം ചെയ്‌തു. മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ തുടർന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ഉൾപ്പെടെ മുടങ്ങിയിരുന്നു.മേജർ ഇറിഗേഷൻ വകുപ്പ്, ആലപ്പുഴ, എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആവേ മരിയ കൺസ്ട്രക്ഷൻ മുഖാന്തിരം മാലിന്യങ്ങൾ നീക്കംചെയ്തത്.










0 comments