അരൂരിൽ ഗതാഗത നിയന്ത്രണം
ഉയരപ്പാതയിൽ റാമ്പ് നിർമാണം തുടങ്ങി

അരൂർ
അരൂർ - –-തുറവൂർ ഉയരപ്പാത തുടങ്ങുന്ന അരൂർ ബൈപാസ് കവലയ്ക്കു സമീപം ഉയരപ്പാതയുടെ റാംപിന്റെ തൂണുകളുടെ നിർമാണം തുടങ്ങി. അരൂർ കുമ്പളം പാലത്തോടുചേർന്ന് താഴേക്ക് ഇറങ്ങാനും മുകളിലേക്കു കയറാനും കഴിയുന്ന വിധത്തിലാണു തൂൺ നിർമാണം. ഉയരം കുറവായതിനാൽ ലാൻഡിങ് തൂണുകൾ ഉയരപ്പാതയുടെ തൂണുകളുടെ കണക്കിൽപ്പെടുത്തിയിട്ടില്ല.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ ദൂരത്തിൽ 354 തൂണുകളിലായാണ് ഉയരപ്പാത. ഇതിനു പുറമേയാണ് തുടക്കത്തിലും ഒടുക്കത്തിലും ഉയരപ്പാത ആറുവരിയിലേക്ക് സംഗമിക്കുന്ന തൂണുകൾ വരുന്നത്. അരൂർ ബൈപാസ് ജങ്ഷനിൽ തൂൺ നിർമാണം തുടങ്ങിയതോടെ ഗതാഗത നിയന്ത്രണമായി.
പള്ളി ജങ്ഷനിൽനിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാം ദേശീയപാതയിൽനിന്ന് താഴേക്കിറങ്ങി സർവീസ് റോഡിലൂടെ 400 മീറ്ററോളം ദൂരം സഞ്ചരിച്ച് വീണ്ടും ദേശീയപാതയിലേക്ക് കയറി വേണം യാത്രതുടരാൻ. അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിലേക്ക് പോകുന്ന റോഡാണിത്. ഇവിടെനിന്ന് ദേശീയപാതയിലേക്ക് കയറാൻ പ്രത്യേക വഴിയുണ്ടാക്കിയാണ് ഗതാഗത നിയന്ത്രണം. ബൈപാസ് ജങ്ഷൻ മുതൽ പാലംവരെ ഉണ്ടായിരുന്ന മീഡിയൻ നീക്കംചെയ്ത് ടാർചെയ്തിട്ടുമുണ്ട്. പാലം ഇറങ്ങി ചേർത്തല ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലാണ് കടത്തിവിടുന്നത്.









0 comments