ലിറ്റില്‍ കൈറ്റ്സ് നോഡൽ ഓഫീസര്‍മാർക്ക് ശിൽപ്പശാല
പഠിക്കാം പരീക്ഷിക്കാം എഐ, റോബോട്ടിക്‌സ്

ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാരുടെ ജില്ലാ ശിൽപ്പശാലയിൽ കൈറ്റ് സിഇഒ കെ അൻവര്‍ സാദത്ത് ഓൺലൈനായി സംസാരിക്കുന്നു
ആലപ്പുഴ
ഈ അധ്യയനവർഷം 10–-ാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിർമിതബുദ്ധിയും റോബോട്ടിക്‌സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ അൻവര്‍ സാദത്ത് പറഞ്ഞു. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ശിൽപ്പശാലയില്‍ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകള്‍വഴി ഭിന്നശേഷിക്കുട്ടികള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ച് കൈത്താങ്ങിന് മുൻഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 158 യൂണിറ്റിൽനിന്ന് 316 പേർ പങ്കെടുത്തു. ജില്ലാ സംസ്ഥാനതലങ്ങളിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് പ്രവർത്തനമാതൃകകള്‍, ആശയപ്രചാരണ രംഗത്ത് സ്‌കൂള്‍ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചര്‍ച്ചകളുമുണ്ടായി. വിദ്യാലയങ്ങളിലെ റോബോട്ടിക്‌സ് പഠനത്തിന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്‌തു. നിർദേശങ്ങള്‍ക്ക് കൈറ്റ് സിഇഒ വിശദീകരണം നല്‍കി. കൈറ്റ് ജില്ലാ കോ–-ഓർഡിനേറ്റർ എം സുനിൽകുമാര്‍, മാസ്‌റ്റർ ട്രെയിനർ ടി സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.









0 comments