ഡോ. ബി പദ്മകുമാർ മെഡി. കോളേജ് പ്രിൻസിപ്പൽ

ആലപ്പുഴ
ആലപ്പുഴ മെഡിക്കൽ കോളേജിന്റെ 38–-ാം പ്രിൻസിപ്പലായി പൂർവവിദ്യാർഥികൂടിയായ ഡോ. ബി പദ്മകുമാറിനെ നിയമിച്ചു. നേരത്തെ ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു. 30 വർഷത്തെ അധ്യാപനപരിചയമുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോന്നി മെഡിക്കൽ കോളേജുകളിൽ മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്നു. 2024 മുതൽ കൊല്ലം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരുന്നു. സർക്കാരിന്റെ മികച്ച ഡോക്‌ടർ പുരസ്‌കാരം നേടിയിട്ടുണ്ട്. പഠിച്ച അഞ്ച് വർഷവും മെഡിക്കൽ കോളേജിലെ കലാപ്രതിഭയായിരുന്നു. ഡോ. ലൈല, ഡോ. ജയലേഖ, ഡോ. ശ്രീദേവി എന്നിവരും ഇവിടെ മുമ്പ് പ്രിൻസിപ്പലായ പൂർവവിദ്യാർഥികളാണ്. ഡോ. ബി പദ്മകുമാർ 1983ൽ കേരള സർവകലാശാലയിൽനിന്ന് ബിഎസ്‌സി സുവോളജിയിൽ ഒന്നാംറാങ്ക് നേടി. 1990ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് സ്വർണമെഡലോടെ എംബിബിഎസ് ബിരുദം. 1995ൽ ഔറങ്കാബാദ് ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഒന്നാം റാങ്കോടെ എംഡിയും 2016ൽ കേരള സർവകലാശാലയിൽനിന്ന് മെഡിസിനിൽ പിഎച്ച്ഡിയും നേടി. ഹൈദരാബാദിലെ നിസാം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന് റൂമറ്റോളജിയിൽ ഫെല്ലോഷിപ്പും കേംബ്രിഡ്‌ജിൽനിന്ന് വിദഗ്‌ധപരിശീലനവും നേടിയിട്ടുണ്ട്.
മികച്ച ഗ്രന്ഥകാരൻ; കോളമിസ്‌റ്റ്
ഹെൽത്ത് കോളമിസ്‌റ്റായ ഡോ. പദ്മകുമാറിന്റെ പാഠം ഒന്ന് ആരോഗ്യം എന്ന പുസ്‌തകത്തിന് ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂറ്റിന്റെ മികച്ച വൈജ്ഞാനികഗ്രന്ഥ പുരസ്‌കാരവും ലഭിച്ചു. മുപ്പതിലേറെ പുസ്‌തകം രചിച്ചു. ഡിസി ബുക്‌സ് മൂന്ന് വാല്യങ്ങളായി പുറത്തിറക്കിയ സർവരോഗ വിജ്ഞാനകോശത്തിന്റെ ജനറൽ എഡിറ്ററാണ്. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഗസ്‌റ്റ് എഡിറ്ററായിരിക്കെ നൂറോളം വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്‌തു. നല്ല വൈദ്യശാസ്‌ത്ര ഗ്രന്ഥത്തിന് 2010ലെ കേശവദേവ് പുരസ്‌കാരം നേടി. ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും മുന്നിൽ. ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റും ഐഎംഎ എത്തിക്കൽ കമ്മിറ്റി അംഗവുമാണ്. അച്ഛൻ സഹകരണവകുപ്പിൽ ഡെപ്യൂട്ടി രജിസ്‌ട്രാറായിരുന്ന പരേതനായ കെ പി ബാലസുന്ദരം. അമ്മ വി സി ഭാനുമതി അമ്മ. പേരൂർക്കട ഇഎസ്ഐ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. മീരയാണ് ഭാര്യ. ചരിത്രത്തിൽ ഗവേഷണവിദ്യാർഥി കാർത്തിക് മകനാണ്.









0 comments