എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം
കുട്ടനാട്ടിൽ വിളയിച്ച നെല്ല് കൈമാറ്റവും ഹരിത ഓഫീസ് പ്രഖ്യാപനവും ഇന്ന്

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ പ്രവർത്തകർ കുട്ടനാട് സിവിൽ സ്റ്റേഷൻ മാലിന്യമുക്തമാക്കുന്നു
മങ്കൊമ്പ്
ആലപ്പുഴയിൽ 25, 26 27 തീയതികളിൽ ചേരുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഭക്ഷണം തയ്യാറാക്കാൻ കുട്ടനാട്ടിൽ കൃഷിചെയ്‌ത് വിളയിച്ച നെല്ല് തിങ്കളാഴ്‌ച സംഘാടകസമിതിക്ക് കൈമാറും. നെല്ല് കൈമാറ്റവും ജനസൗഹൃദ ഹരിത ഓഫീസ് പ്രഖ്യാപനവും രാവിലെ ഒമ്പതിന് മങ്കൊമ്പ് സിവിൽസ്‌റ്റേഷനിൽ കൃഷിമന്ത്രി പി പ്രസാദ് നടത്തും. സിവിൽ സ്റ്റേഷന് മുൻവശത്തായി കേരള എൻജിഒ യൂണിയൻ നിർമ്മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും വിശ്രമ കേന്ദ്രവും മന്ത്രി സമർപ്പിക്കും. യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ പങ്കെടുക്കും. സിവിൽ സ്‌റ്റേഷനിലെ മുഴുവൻ ഓഫീസുകളും ജിവനക്കാരുടെ സഹായത്തോടെ യൂണിയൻ വൃത്തിയാക്കി. ഇ–-വേസ്‌റ്റടക്കം നീക്കി മനോഹരമാക്കി ഹരിത ഓഫീസുകളാക്കിമാറ്റി. ഭിത്തികളിൽ പതിപ്പിച്ചിരുന്ന പോസ്‌റ്ററുകളും നീക്കി. കാടുപിടിച്ച പരിസരം വൃത്തിയാക്കി പച്ചക്കറിത്തോട്ടമാക്കി. പൊതുജനങ്ങൾക്ക് വിശ്രമകേന്ദ്രം ഒരുക്കി. ബസ് കാത്തിരിപ്പുകേന്ദ്രവും സ്ഥാപിച്ചു. ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചും വിശ്രമത്തിന് ചാരുബെഞ്ചുകൾ സ്ഥാപിച്ചും മാലിന്യമുക്ത പരിസരം ഒരുക്കിയുമാണ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂണിയൻ ജനസൗഹൃദ ഹരിത സിവിൽസ്‌റ്റേഷൻ ഒരുക്കിയത്.









0 comments