വയോധികയെ ആക്രമിച്ച് കവർച്ച: യുവാവ് അറസ്‌റ്റിൽ

ശരത് മാധവൻ
നെടുമ്പാശേരി
അത്താണിയിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ അങ്കമാലി പുളിയനം സൗപർണികയിൽ ശരത് മാധവനെ (42) ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടി.
സെപ്‌തംബർ 30ന് വൈകിട്ടാണ് സംഭവം. മാസ്‌കും ഹെൽമറ്റും ധരിച്ചെത്തിയ ഇയാൾ അടുക്കളയിൽ നിന്ന വയോധികയുടെ മുഖം തുണികൊണ്ട് മൂടി കഴുത്തിലെ മാല പൊട്ടിച്ചശേഷം ശുചിമുറിയിലേക്ക് തള്ളിയിട്ട് പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പുളിയനത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചതായി ഇയാൾ സമ്മതിച്ചു.
ആലുവ സിഐ ബി കെ അരുൺ, എസ്ഐ ജെ ജോഷി, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, കെ എം മനോജ്, എം എസ് ശ്രീരാജ്, മുഹമ്മദ് ഷാഹിൻ, എസ് ഷമീൻ, അനിൽജിത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.









0 comments