9 ന് മെഡിക്കൽ കോളേജിലേക്ക് കെഎസ്‌കെടിയു മാർച്ച്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഡോക്ടറും മരുന്നും പേരിന് മാത്രം


സ്വന്തം ലേഖകൻ
Published on Oct 07, 2026, 01:30 AM | 2 min read
പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവും മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു മാടായി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് ഒമ്പതിന് രാവിലെ ഒമ്പതിന് മാർച്ച് നടത്തും. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആരോഗ്യരംഗം കഴിഞ്ഞ നാലുമാസമായി കുത്തഴിഞ്ഞ നിലയിലാണ്. ഓങ്കോളജി വിഭാഗത്തിൽ അഞ്ച് ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു ഡോക്ടറെ ഉള്ളൂ. പരിമിതമായ ടോക്കൺ മാത്രമാണ് ഒപിയിൽ നൽകുന്നത്. ഇത് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് എത്തുന്ന കാൻസർ രോഗികളെ ദുരിതത്തിലാക്കുകയാണ്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രമാണ് വൃക്കരോഗ വിഭാഗം ഒപി പ്രവർത്തിക്കുന്നത്. മൂന്ന് മാസം മുമ്പ് മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് ഒപിയിൽ ഉള്ളത്. ഡിജിറ്റൽ എക്സ്റേ ഫിലിമിന്റെ ക്ഷാമവും രോഗികളെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ മേയ് മുതൽ ക്ഷാമം നേരിട്ടിരുന്ന ഫിലിം നിലവിൽ ലഭ്യമല്ലാത്ത അവസ്ഥയിലാണ്. ആന്റിബയോട്ടിക്കുകൾ, ഹൃദ്രോഗ മരുന്നുകൾ, കാൻസർ മരുന്നുകൾ എന്നിവയുടെ ക്ഷാമം രോഗികളുടെ ദുരിതം ഇരട്ടിയാക്കുന്നു. ഡയാലിസിസ് മെഷീനുകളുടെ പ്രവർത്തനത്തിന് ആവശ്യമായ 32 യുപിഎസ് ബാറ്ററികൾ മോഷണം പോയ സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഉരുണ്ടുകളിക്കുകയാണ്. അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്താനോ തയ്യാറായിട്ടില്ല. എൽഡിഎഫ് ഭരണകാലത്ത് വൃക്കമാറ്റിവയ്‌ക്കൽ യൂണിറ്റിന് അനുമതി ലഭിക്കുകയും ട്രാൻസ്‌പ്ലാന്റേഷൻ ഐസിയു, പ്രത്യേക ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്ന നെഫ്രോളജി വിഭാഗത്തിന്റെ തുടർ പ്രവർത്തനങ്ങൾ ഇപ്പോൾ നിലച്ച അവസ്ഥയിലാണ്. വൃക്കമാറ്റിവയ്‌ക്കൽ സംവിധാനവുമായി ബന്ധപ്പെട്ട നടപടികൾ പുനരാരംഭിക്കാൻ ഒരു ഇടപെടലും നടക്കുന്നില്ല. കാർഡിയോളജി വിഭാഗത്തിൽ ബൈപാസ് ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്കായി മാസങ്ങളോളം കാത്തിരിക്കണം. മെഡിക്കൽ കോളേജ് സൂപ്രണ്ട് എൻജിഒ അസോസിയേഷൻ നേതാക്കളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. പ്രിൻസിപ്പൽ ദീർഘകാല അവധിയിലായിരിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയുടെ ഭരണനിർവഹണത്തിലും വീഴ്ചകളുണ്ടാകുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ താളംതെറ്റിക്കുനന്നു. രോഗികൾക്ക് സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കണമെന്നും ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‌കെടിയു നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നത്.








0 comments