കള്ളുഷാപ്പിൽ ‘തസ്‌കരൻ’
നാട്ടുകഥയുടെ പുനർവായനയ്ക്ക് ‘റാന്തൽ’ വെളിച്ചം

റാന്തൽ കള്ളുഷാപ്പിൽ പ്രദർശിപ്പിച്ച തസ്‌കരൻ കഥ വീക്ഷിക്കുന്ന നാട്ടുകാർ
ഏറ്റുമാനൂർ നാട്ടിൻപുറത്തെ കള്ളുഷാപ്പിനും ഷാപ്പ് കറികൾക്കും പ്രചാരമേറുന്ന കാലത്ത് ഷാപ്പിലെ രുചിക്കൊപ്പം നാട്ടുകഥയുടെ പുനർവായനയ്‌ക്ക് നീണ്ടൂർ റോഡിലെ ‘റാന്തൽ ’ വെളിച്ചമേകുന്നു. സാഹിത്യ – കലാപ്രേമികളുടെ കൂട്ടായ്മയിലാണ് റാന്തൽ ഷാപ്പ് പരിസരം വ്യത്യസ്ത വായനാവേദിയാകുന്നത്. എഴുത്തുകാരനും ചിത്രകാരനുമായ സാബു എം രാമൻ എഴുതിയ ‘തസ്കരൻ ’ കഥയാണ് ഈ വേറിട്ട വേദിയിലെ പ്രധാന ആകർഷണം. ഷാപ്പ് പരിസരവും പ്രദേശവും സാധാരണക്കാരും കഥാപാത്രങ്ങളായി എത്തുന്നു. നന്മയുള്ള തസ്‌കരന്റെ സ്വകാര്യ ജീവിതമാണ് കഥ. ക്ഷേത്രങ്ങളും പള്ളികളും ദൈവങ്ങളും കഥയിൽ കടന്നുവരുന്നുണ്ടെങ്കിലും പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും ‘തസ്കരൻ ’ ചോദ്യമുനയിൽ നിർത്തുന്നു. ‘ഒരു നാട്ടുകഥയുടെ പുനർവായന ’ എന്ന പേരിൽ സംഘടിപ്പിച്ച കഥാചർച്ചയാണ് റാന്തലിലെ തസ്‌കരൻ ചർച്ചയാകുന്നത്. ഒപ്പം ചിത്രകാരന്മാർ കഥാസന്ദർഭങ്ങൾ ക്യാൻവാസിലേക്ക് പകർത്തി. എം ജി സർവകലാശാല മലയാളം വിഭാഗം പ്രൊഫ. ഡോ. അജു കെ നാരായണൻ മുഖ്യസംഘാടകനായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ സി എൽ തോമസ്, എഴുത്തുകാരൻ എസ് ഹരീഷ്, കവി എം ആർ രേണുകുമാർ, ഹരി ഏറ്റുമാനൂർ, സാഹിത്യകാരി ജയശ്രീ പള്ളിക്കൽ, സഹീറ, യുവകവി സി ആർ ശ്രീജിത്ത് തുടങ്ങി നിരവധി സാഹിത്യകാരന്മാർ പങ്കെടുത്തു. സിനിമ–നാടകരംഗത്തെ പ്രമുഖരും കഥാചർച്ചയിൽ പങ്കുചേർന്നു. ചിത്രീകരണത്തോടുകൂടിയ കഥയുടെ പേജുകളുടെ പ്രദർശനവും ഷാപ്പ് പരിസരത്ത് ഒരുക്കിയിട്ടുണ്ട്. രുചിയേറിയ ഷാപ്പ് കറികൾക്കൊപ്പം ‘തസ്കരൻ’ എന്ന നാട്ടുകഥയും പുതിയൊരു വിഭവമായി മാറുകയാണ്.









0 comments