Deshabhimani

യു ടേണിൽ കുടുങ്ങി ടിവി സെന്റർ ജങ്‌ഷൻ: ഗതാഗത ക്രമീകരണത്തിൽ ജനരോഷം

Public Outcry Over Traffic Arrangements

മെട്രോ നിർമാണത്തിന്റെ ഭാഗമായി സീപോർട്ട്–എയർപോർട്ട് റോഡിലെ ടിവി സെന്ററിൽ ഏർപ്പെടുത്തിയ ഗതാഗത 
ക്രമീകരണങ്ങളിൽ നട്ടംതിരിഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും മെട്രോ നിർമാണ ഉദ്യോഗസ്ഥരുമായി 
വാക്കേറ്റമുണ്ടായപ്പോൾ

വെബ് ഡെസ്ക്

Published on Oct 07, 2026, 02:13 AM | 1 min read

കാക്കനാട്


മെട്രോ നിർമാണത്തിന്റെ ഭാഗമായി സീപോർട്ട്–എയർപോർട്ട് റോഡിലെ ടിവി സെന്ററിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജനങ്ങൾക്ക് തീരാദുരിതമായി. ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞതോടെ ജനപ്രതിനിധികളും പ്രദേശവാസികളും മെട്രോ നിർമാണ ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്കേറ്റമുണ്ടായി. ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ ബലം പ്രയോഗിച്ച് നീക്കിയതോടെ മെട്രോ നിർമാണവും ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. ​


കാക്കനാട് ഭാഗത്തുനിന്ന് ടിവി സെന്റർ, തുതിയൂർ, പാലച്ചുവട്, വെണ്ണല വഴി വൈറ്റില–പാലാരിവട്ടം ബൈപ്പാസിലേക്ക് പോകുന്ന വാഹനങ്ങളെയാണ് നിലവിലെ ക്രമീകരണം ഏറെ വലയ്ക്കുന്നത്. കലക്ടറേറ്റ് ഭാഗത്തുനിന്ന് സീപോർട്ട്–എയർപോർട്ട് റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്ക് ടിവി സെന്റർ ജങ്ഷനിൽനിന്ന് നേരിട്ട് തുതിയൂർ റോഡിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല.


കെഎംആർഎൽ ഏർപ്പെടുത്തിയ നിയന്ത്രണമനുസരിച്ച് വാഹനങ്ങൾ പ്രത്യേക സാമ്പത്തിക മേഖലയുടെ കവാടത്തിന് സമീപം എത്തി യു ടേൺ എടുത്ത് ടിവി സെന്ററിലെത്തണം. തുടർന്ന് വീണ്ടും യു ടേൺ എടുത്താണ് തുതിയൂർ റോഡിലേക്ക് പ്രവേശിക്കേണ്ടത്. എന്നാൽ ടിവി സെന്ററിൽ യു ടേൺ എടുക്കാൻ ആവശ്യമായ സ്ഥലമില്ല. തുതിയൂർ റോഡിന്റെ വീതിക്കുറവും പ്രശ്നം രൂക്ഷമാക്കുന്നു. വലിയ വാഹനങ്ങൾ പലതവണ മുന്നോട്ടും പിന്നോട്ടും എടുത്താണ് ഇവിടെ തിരിയുന്നത്.


ഇതോടെ ടിവി സെന്റർ–തുതിയൂർ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവായി. ഗതാഗതക്കുരുക്ക് കാരണം തുതിയൂരിലേക്കുള്ള സ്വകാര്യ ബസുകൾ പലപ്പോഴും കാക്കനാട് സർവീസ് അവസാനിപ്പിക്കുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു. ​


തുതിയൂർ റോഡിന്റെ വീതി കൂട്ടുകയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന്‌ നാട്ടുകാർ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമില്ല. തുതിയൂർ റോഡിനോട് ചേർന്ന ഹോർട്ടികോർപ്പ് വളപ്പിലെ സ്ഥലം കൂടി റോഡ് വികസനത്തിന്‌ വിട്ടുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home