ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി കോഴിക്കോട്ടുകാരൻ
ഇൗജിപ്‌തിൽ തിളങ്ങാൻ ആദിഷ്

ആദിഷ് ശ്രീനിവാസ് ഈജിപ്തിലെ കെയ്റോയിൽ പരിശീലനത്തിൽ
ശ്രീനിവാസ് സ്വന്തം ലേഖകൻ കോഴിക്കോട് ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന വിക്ടർ ബിഡബ്ല്യുഎഫ് വേൾഡ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഡബിൾസിൽ തിളങ്ങാൻ ഒരുങ്ങി കോഴിക്കോട്ടുകാരൻ പി വി ആദിഷ് ശ്രീനിവാസ്. അഞ്ചുമുതൽ 17വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധാനംചെയ്‌താണ് കളത്തിലിറങ്ങുന്നത്. ഡൽഹിയിൽനിന്നുള്ള യോഗാംശ് സിങ്ങാണ് ആദിഷിന്റെ പങ്കാളി. ടീം കഴിഞ്ഞ ദിവസം നടന്ന മത്സരം വിജയിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. കോഴിക്കോട് ഡിസ്ട്രിക്ട് ബാഡ്മിന്റൺ താരമായ ആദിഷ് കണ്ണഞ്ചേരി സ്വദേശി ശ്രീനിവാസന്റെയും റീത്തയുടെയും മകനാണ്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ദേശീയ–അന്തർദേശീയ തലങ്ങളിൽ നിരവധി ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2022ൽ ഭുവനേശ്വറിൽ നടന്ന സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 ഡബിൾസിൽ സ്വർണവും അതേവർഷം തായ്‌ലൻഡിലെ നോന്താബുരിയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റൺ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2024ൽ ചെന്നൈയിൽ നടന്ന സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ബോയ്സ് ഡബിൾസിൽ സ്വർണം നേടി. ഇതേ വർഷം ചൈനയിലെ ചെങ്‌ഡുവിൽ നടന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ബോയ്സ് ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. 2025ൽ മധുരയിൽ നടന്ന ദേശീയ റാങ്കിങ് മത്സരത്തിൽ അണ്ടർ 19 ബോയ്സ് ഡബിൾസിൽ ജേതാവായി. 2026ൽ ജൂനിയർ ഡച്ച്, ജർമ്മൻ ഓപ്പൺ ടൂർണമെന്റുകളിൽ അണ്ടർ 19 ബോയ്സ് ഡബിൾസിൽ ഇന്ത്യൻ ടീമിനായി കളിച്ചു. ഭുവനേശ്വറിൽ നടന്ന ദേശീയ റാങ്കിങ് മത്സരത്തിലും 2026ൽ ജേതാവായി. എറണാകുളം സ്വദേശിനി നന്ദിത തോമസിനൊപ്പം സംസ്ഥാന മിക്സഡ് ഡബിൾസിലും ആദിഷ് ചാമ്പ്യനായി. ദേശീയ-–അന്തർദേശീയ വേദികളിലെ മികച്ച പ്രകടനത്തിന്റെ മികവിലാണ് ആദിഷ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായത്. കെയ്റോയിലെ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് താരം.









0 comments