ഇവിടെ വായിച്ചും വാഴവച്ചും വളരാം

ആയിരം കാച്ചി വാഴകുല വിളവെടുക്കുന്നു
സ്വന്തം ലേഖകൻ മലാപ്പറമ്പ് വായനയിലൂടെ മാത്രമല്ല, കൃഷിയിലൂടെയും നാടിന് വഴികാണിക്കുകയാണ് ഒരു വായനശാല. മലാപ്പറമ്പിലെ ദേശോദ്ധാരിണി വായനശാലയാണ് നബാർഡിന്റെ സഹായത്തോടെ വാഴകൃഷിയിൽ മാതൃക തീർക്കുന്നത്. 100തരം വൈവിധ്യമാർന്ന വാഴകളുടെ സംരക്ഷണവും കൈമാറ്റവും ലക്ഷ്യംവച്ചുള്ള പദ്ധതിയിൽ നട്ട വാഴകൾ കുലച്ചുതുടങ്ങി. തായ്മുസ, പൊപ്പുല്ലു, ഡബിൾ മഹോയ്, യങ്ങാംബി, പച്ചാടൻ, സിവിറോസ്, എറനാടൻ പടത്തി, അമൃതസാഗർ, ആയിരംകാച്ചി (പിസാഗ്‌സെറിബു), കാവേരി എന്നീ അപൂർവയിനം വാഴകളാണ് കുലച്ചത്. റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി വൃത്തിഹീനമായിരുന്ന സ്ഥലത്താണ് വായനശാലാ പ്രവർത്തകർ വാഴകൾ നട്ടത്. ദേശോദ്ധാരിണി ബാലവിഭാഗവും കൃഷിയിൽ പിന്തുണയുമായുണ്ട്. അംഗങ്ങളുടെ വീടുകളിലും വാഴകൾ വളർത്തുന്നുണ്ട്. നിറവ് വേങ്ങേരി ബനാന ബാങ്ക് ഡയറക്ടർ ബാബു പറമ്പത്തിന്റെ മാർഗനിർദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, മാലിന്യസംസ്‌കരണം, ജലസംരക്ഷണം, ഊർജസുരക്ഷ, കാർബൺ സന്തുലനം എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. കേരള ബാങ്കിന്റെയും കൃഷിവകുപ്പിന്റെയും സഹായവും ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്‌കാരം മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലക്കായിരുന്നു.









0 comments