പ്രതിഷേധം ശക്തം
എസ്‌സി വിഭാഗത്തിന് ഫ്ലാറ്റ് നിർമിക്കാൻ വാങ്ങിയ ഭൂമിയിൽ മാലിന്യസംഭരണകേന്ദ്രം

എസ്-സി വിഭാഗത്തിന് ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ വാങ്ങിയ മണ്ഡള പാടശേഖര ഭൂമി
കരുമാല്ലൂർ
പട്ടികജാതി വിഭാഗക്കാർക്ക് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിന് പഞ്ചായത്ത് വാങ്ങിയ ഭൂമി മാലിന്യ സംഭരണകേന്ദ്രമാക്കി (എംസിഎഫ്) മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമായി. കരുമാല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ മണ്ഡള പാടശേഖരത്തിൽ ഉൾപ്പെടുന്ന 46 സെന്റോളം ഭൂമിയിലാണ് എംസിഎഫ് നിർമിക്കുവാൻ കരുമാല്ലൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ യുഡിഎഫ് അംഗങ്ങൾ ഏകപക്ഷീയമായി എടുത്ത തീരുമാനത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
2010–15 ൽ ഫാത്തിമ ഷംസുദ്ദീൻ പ്രസിഡന്റായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പട്ടികജാതി വിഭാഗക്കാർക്കായി ഫ്ലാറ്റ് നിർമിക്കുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് ഭൂമി വാങ്ങിയത്. റോഡ് നിരപ്പിൽനിന്ന് 20 അടി താഴ്ചയിലുള്ള ഭൂമി രേഖകളിൽ നിലമാണ്. കൂടിയ വിലയ്ക്ക് വാങ്ങിയതിൽ അഴിമതി ആരോപിച്ച് പട്ടികജാതി ക്ഷേമ സമിതി ആലങ്ങാട് ഏരിയ സെക്രട്ടറിയായിരുന്ന പി കെ മനോജ് വിജിലൻസിൽ പരാതി നൽകിയിരുന്നു. മനോജ് മരിച്ചതോടെ തുടർനടപടികൾ തടസ്സപ്പെട്ടു.
ഇതിനിടെ കരുമാല്ലൂർ കാരുചിറയിലെ ബഡ്സ് സ്കൂളിനോട് ചേർന്ന് പട്ടികജാതി വിഭാഗക്കാർക്കായുള്ള ചെറുകിട വ്യവസായ കേന്ദ്രം പൊളിച്ചുനീക്കാനും ഇവിടെയുള്ള കുളം നികത്തി വ്യവസായ സംരംഭം കൊണ്ടുവരാനും ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. ഇതോടെ പ്രദേശത്തെ പട്ടികജാതി കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണി നേരിടുന്നതിനൊപ്പം അവർക്കായി അനുവദിച്ച വ്യവസായ കേന്ദ്രം ഇല്ലാതാകുമെന്നും സമിതി ആരോപിച്ചു.
പട്ടികജാതി വിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഭൂമി മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്നതും അവരുടെ ഉന്നമനത്തിനായി അനുവദിച്ച വ്യവസായ കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതുമായ പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പട്ടികജാതി ക്ഷേമ സമിതി കരുമാല്ലൂർ വില്ലേജ് സെക്രട്ടറി കെ എ രവി പറഞ്ഞു.
ഫ്ലാറ്റ് നിർമിക്കാൻ നിലം വാങ്ങിയതിലെ അഴിമതി ആരോപണത്തിൽ വിജിലൻസിലുള്ള പരാതിയുമായി മുന്നോട്ടുപോകുമെന്നും ഭൂമി മാലിന്യ സംഭരണകേന്ദ്രമാക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരെ സമരം ആരംഭിക്കുമെന്നും കെ എ രവി അറിയിച്ചു.








0 comments