നാടകകലയിലെ ബഹുമുഖ പ്രതിഭ

വിഗ്രഹം നാടകത്തിൽ എൻ എഫ് വർഗീസ്, ജെ പള്ളാശ്ശേരി എന്നിവരോടൊപ്പം സേവ്യർ പുൽപ്പാട്ട് (ഇടത്തേയറ്റം– ഫയൽചിത്രം)
ആലുവ
നാടകത്തിന്റെ വിവിധമേഖലകളിൽ നൽകിയ എണ്ണമറ്റ സംഭാവനകളാണ് സേവ്യര്‍ പുല്‍പ്പാട്ടിനെ സംഗീതനാടക അക്കാദമി ഫെലോഷിപ്പിന് അർഹനാക്കിയത്. പ്രൊഫഷണൽ നാടകസമിതിയായ ആലുവ മൈത്രി കലാകേന്ദ്രത്തിന്റെ സ്ഥാപകനാണ്. നാടകകൃത്ത്, സംവിധായകൻ, നടൻ, നാടകസംഘാടകൻ എന്നീ നിലകളിൽ അമ്പതിൽപ്പരം വർഷങ്ങളായി പ്രൊഫഷണൽ നാടകരംഗത്തും അമച്വർ നാടകരംഗത്തും പ്രവർത്തിക്കുന്നു.
യൗവനങ്ങളുടെ നൊമ്പരം, അമർഷം, സീത, ധർമയാത്ര, വീണ്ടും സൂര്യോദയം, നവംബറിന്റെ നൊമ്പരം, മുഖങ്ങൾ തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ രചയിതാവും സംവിധായകനുമാണ്. വേദനിക്കുന്ന ആത്മാക്കൾ എന്ന നാടകത്തിൽ 15–-ാം വയസ്സിൽ അഭിനയിച്ചാണ് രംഗപ്രവേശം. അറുന്നൂറിലധികം വേദികളിൽ അഭിനയിച്ചു. 65 നാടകങ്ങൾ രചിച്ചു. 100 നാടകങ്ങൾ സംവിധാനം ചെയ്തു. 17 നാടകങ്ങൾ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു.
നാടകരചന, സംവിധാനം, അവതരണം എന്നിവയ്ക്ക് സംസ്ഥാന സർക്കാർ അവാർഡ്, നാടകരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2005ൽ സംഗീതനാടക അക്കാദമി അവാർഡ്, മികച്ച അമച്വർ നാടകത്തിനുള്ള അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ്, കേരള കാത്തലിക് ബിഷപ് കൗൺസിൽ അവാർഡ്, ഫൊക്കാന ഗ്ലോബൽ ലിറ്റററി അവാർഡ് (യുഎസ്എ) തുടങ്ങി 23ൽപ്പരം പുരസ്കാരങ്ങൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അംഗം, കേരള സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗമാണ്. 2025ൽ നാടകരംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് പി ജെ ആന്റണി പുരസ്കാരവും ലഭിച്ചു. നാടകപ്രവർത്തകയായ ലീലാമ്മയാണ് (കെപിഎസി ലത) ഭാര്യ. ദുബായിയിൽ പത്രപ്രവർത്തകയും കവയിത്രിയുമായ അഡ്വ. സോണിയ ഷിനോയ് പുൽപ്പാട്ട്, സേഫ്റ്റ്‌വെയർ എൻജിനിയർ സാംസൺ സേവ്യർ എന്നിവരാണ് മക്കൾ. ആലുവ എസ്എൻപുരത്താണ് താമസം.











0 comments