അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി: തിരച്ചിൽ

മുംബൈ: റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മഹാരാഷ്ട്രയിലെ കല്യാൺ സ്റ്റേഷനിലാണ് സംഭവം. 21കാരിയായ റോഷ്നി സൂരജ് സാഹുവിന്റെ മകൻ ആര്യനെയാണ് തട്ടിക്കൊണ്ടുപോയത്.
ഗുജറാത്തിലെ വാപിയിൽ നിന്ന് ഭർത്താവ് സൂരജ് സാഹുവുമായുള്ള തർക്കത്തെത്തുടർന്ന് കല്യാണിലെത്തിയതായിരുന്നു റോഷ്നി. സ്റ്റേഷനിലെ ഫ്ലൈഓവറിന്റെ സമീപം ഇരുന്ന് ഉറങ്ങുകയായിരുന്ന റോഷ്നിയുടെ മടിയിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
കുഞ്ഞിനൊപ്പം റോഷ്നിയുടെ ഫോണും മോഷ്ടിച്ചാണ് അജ്ഞാതൻ കടന്നുകളഞ്ഞത്. തട്ടിക്കൊണ്ടുപോകൽ, മോഷണം എന്നിവയ്ക്ക് മഹാത്മാ ഫൂലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ കണ്ടെത്താൻ നാല് പ്രത്യേക സംഘം രൂപീകരിച്ചു.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. പ്രദേശവാസികൾ, ഓട്ടോ ഡ്രൈവർമാർ, കച്ചവടക്കാർ എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്.











0 comments