അതിജീവനത്തിന്റെ നേർക്കാഴ്ചയായി ഹൃദയദിനാചരണം

കൊച്ചി
വിവിധ ആശുപത്രികളും സംഘടനകളും ഹൃദയദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങളെ ഒരേ വേദിയിൽ ഒരുമിപ്പിച്ചാണ് ലിസി ആശുപത്രി പരിപാടി സംഘടിപ്പിച്ചത്. തങ്ങളെ ജീവിതത്തിലേക്ക് തിരികെനടത്തിയ ഡോക്ടർമാരെയും താങ്ങായിനിന്ന കുടുംബാംഗങ്ങളെയും സാക്ഷിയാക്കി അവർ അനുഭവങ്ങൾ പങ്കുവച്ചു.
ലിസി ആശുപത്രിയും ഹാർട്ട് കെയർ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ‘ഹൃദയസംഗമം' ഇന്ത്യൻ ബാങ്ക് ഡയറക്ടർ വി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഹാർട്ട് കെയർ ഫൗണ്ടേഷന്റെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം ചെന്നൈ മദ്രാസ് മെഡിക്കൽ മിഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ-വാസ്കുലർ ഡിസീസസ് വിഭാഗം മേധാവി ഡോ. മുല്ലശേരി അജിത് ശങ്കർദാസിന് സമ്മാനിച്ചു. 50,000 രൂപയും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ അധ്യക്ഷനായി. ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ, കൊച്ചി റോട്ടറി ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഡോ. റോണി മാത്യു കടവിൽ എന്നിവർ സംസാരിച്ചു.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സി-യും ലൂർദ് ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച വാക്കത്തൺ, സൈക്കിൾ റാലി, ബൈക്ക് റാലി എന്നിവ ഹൈക്കോടതി ജങ്‌ഷനിൽനിന്ന് ആരംഭിച്ച് സെന്റ് തെരേസാസ് കോളേജിൽ അവസാനിച്ചു. കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമീഷണർ സിബി ടോം റാലി ഫ്ലാഗ് ഓഫ് ചെയ്തു. രാജൻ എൻ നമ്പൂതിരി, ജോസ് പൈനാടത്ത്, ഡോ. ജോർജ് തയ്യിൽ, ഡോ. ആനന്ദ് മാത്യു തുടങ്ങിയവർ സംസാരിച്ചു.








0 comments