ഈ ലോകകപ്പ് നിങ്ങള്‍ക്ക്...

ഫുട്ബോൾ ലോകകപ്പിന് ആവേശം പകർന്ന് സ്കൂട്ടറിൽ ലോകകപ്പ് ട്രോഫിയുടെയും സുവർണപാദുകത്തിന്റെയും സുവർണ കെെയുറയുടെയും മാതൃകയുമായി നഗരം ചുറ്റുന്ന പുതുവൈപ്പ് മുരിക്കുംപാടം സ്വദേശി ജോൺസൺ

സ്വന്തം ലേഖകൻ
Published on Jul 19, 2026, 02:39 AM | 2 min read
കൊച്ചി
ഫിഫ ലോകകപ്പ് ഫൈനലിന്റെ ആവേശം കൊടുമുടിയിൽനിൽക്കെ നഗരവീഥികളില്‍ ഇപ്പോൾ ഒരത്ഭുതക്കാഴ്ചയുണ്ട്. ഒരു സ്കൂട്ടറിന് മുന്നിലായി ലോകകപ്പ് ട്രോഫിയും തിളങ്ങുന്ന ഗോൾഡൻ ബൂട്ടും ഗോൾഡൻ ഗ്ലൗസും സഞ്ചരിക്കുന്ന കാഴ്ച. പുതുവൈപ്പ് മുരിക്കുംപാടം സ്വദേശി ജോൺസൺ പാപ്പച്ചനാണ് ഈ കൗതുകക്കാഴ്ചയുമായി നഗരം ചുറ്റി ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരുന്നത്. വെറുമൊരു ഫാൻസ് ഷോ എന്നതിനപ്പുറം ഈ മാതൃകകളുടെ നിർമാണത്തിനുപിന്നിൽ 71കാരന്‍ ജോൺസന്റെ അധ്വാനത്തിന്റെയും കഥയുണ്ട്.
ആകര്‍ഷകമായ ഈ മാതൃകകൾ സിമന്റ് ഉപയോഗിച്ച് ജോൺസൺ സ്വന്തമായി നിർമിച്ചതാണ്. ഒരുമാസമെടുത്ത് നിര്‍മിച്ച ഈ മാതൃകകള്‍ തന്റെ ഇരുചക്രവാഹനത്തിൽ സുരക്ഷിതമായി ഉറപ്പിച്ചുനിർത്തിയാണ് ജോൺസന്റെ നഗരപ്രദക്ഷിണം. റോഡിലൂടെ ഈ ‘ലോകകപ്പ് വണ്ടി' കടന്നുപോകുമ്പോൾ സെൽഫിയെടുക്കാനും കൈയടിക്കാനും ആളുകളേറെ. ഫൈനലിന്റെ ആവേശം ഇരട്ടിയാക്കാൻ പ്രവചനമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ബോക്സും സ്കൂട്ടറിന് മുന്നിലുണ്ട്.
ചാമ്പ്യന്മാര്‍, ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലൗവ് ജേതാക്കള്‍ എന്നിവരെ കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് ജോൺസൺ നിർമിച്ചെടുത്ത ലോകകപ്പ് മാതൃകകളാണ് സമ്മാനം. ആവശ്യക്കാര്‍ക്കായി ഇതിന്റെയെല്ലാം കുഞ്ഞന്‍ കീചെയിന്‍ മാതൃകകളും ജോണ്‍സന്റെ പക്കലുണ്ട്. മറൈന്‍ മെക്കാനിക്കായിരുന്ന ജോണ്‍സണ്‍, പുതുവൈപ്പില്‍ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കുന്നതിലും സജീവമാണ്. ബ്രസീലാണ് ഇഷ്ട ടീമെങ്കിലും വിശ്വകിരീടത്തില്‍ ആര് മുത്തമിടുമെന്ന ആകാംക്ഷയിലാണ് ജോണ്‍സണ്‍.
മെസി മന്ത്രവും യമാൽ വിസ്മയവും
കൊച്ചിയിൽ തീപാറും
കൊച്ചി
ലോകം കാത്തിരുന്ന മഹാപോരാട്ടത്തിന് പന്തുരുളാന്‍ മണിക്കൂറുകൾ ബാക്കി. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ജേതാക്കളായ സ്പെയിനും നേർക്കുനേർ വരുമ്പോൾ, ആവേശം ഒട്ടുംചോരാതെ നെഞ്ചേറ്റാൻ ഒരുങ്ങുകയാണ് ജില്ല. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഇരുടീമുകളുടെയും ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്.
ഇതിഹാസതാരം ലയണൽ മെസിയുടെ കീഴില്‍ കിരീടം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് അര്‍ജന്റീന ആരാധകർ. യുവവിസ്മയം ലമീൻ യമാലിലാണ് സ്പാനിഷ് ആരാധകരുടെ പ്രതീക്ഷ. മെസിയും യമാലും തമ്മിലുള്ള തലമുറകളുടെ പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. മത്സരം തത്സമയം കാണാൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരം സ്റ്റേഡിയം അന്തരീക്ഷത്തില്‍ തത്സമയം കാണാനുള്ള സൗകര്യമൊരുക്കി ഫാന്‍ പാര്‍ക്കുകളും തയ്യാറാണ്.
കേരളത്തിലെയും മാഹിയിലെയും ഔദ്യോഗിക പബ്ലിക് വ്യൂയിങ് അവകാശങ്ങള്‍ സ്വന്തമാക്കിയ ഫുട്ബോള്‍ ക്ലബ്ബായ മേത്തര്‍ ഈഗിള്‍സ് എഫ്സി കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിലാണ് ഫാന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 3500 സീറ്റുകളുള്ള ഇവിടെ പബ്ലിക് വ്യൂയിങ്ങിനായി ഇന്ത്യയില്‍ ഒരുക്കുന്ന ഏറ്റവും വലിയ ഇന്‍ഡോര്‍ എല്‍ഇഡി സ്ക്രീന്‍ എന്ന സവിശേഷതയുമുണ്ട്. ലൂസേഴ്സ് ഫൈനലില്‍ കാണികള്‍ക്ക് സൗജന്യമായി ഫാന്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും.










0 comments