പെരുമ്പാവൂരിൽ വൻ ലഹരിവേട്ട

10 ലക്ഷത്തിന്റെ ഹെറോയിനുമായി കടയുടമയായ സ്ത്രീ പിടിയിൽ

woman arrested for selling drugs
വെബ് ഡെസ്ക്

Published on Sep 29, 2025, 01:30 AM | 1 min read


പെരുമ്പാവൂർ

കണ്ടന്തറ ബംഗാൾ കോളനിയിൽ പലചരക്ക് കടയുടെ മറവിൽ ഹെറോയിൻ വിൽപ്പന നടത്തിയ കടയുടമയായ വനിതയെ എക്സൈസ് പിടികൂടി. ഫാത്തിമാസ് സ്റ്റോഴ്സ് ഉടമ കണ്ടന്തറ കാരോത്തുകുടി വീട്ടിൽ സലീന അലിയാരാണ് (52) പിടിയിലായത്. ഇവരിൽനിന്ന് 66.300 ഗ്രാം ഹെറോയിനും വിൽപ്പന നടത്തി കിട്ടിയ 9,33,400 രൂപയും നോട്ടെണ്ണുന്ന യന്ത്രവും പിടിച്ചെടുത്തു. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെയും എക്സൈസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സലീന പിടിയിലായത്. 10 ലക്ഷം രൂപ വിലവരുന്നതാണ് ഹെറോയിൻ. അസമിൽനിന്ന് വൻതോതിൽ കൊണ്ടുവരുന്ന ഹെറോയിൻ വീട്ടിൽ സൂക്ഷിച്ച് ചെറു ഡെപ്പികളിലാക്കി കുട്ടികളടക്കം അതിഥിത്തൊഴിലാളികളെക്കൊണ്ട് വിൽപ്പന നടത്തിവരികയായിരുന്നു. പൊലീസിനും എക്സൈസിനും വിവരം കൊടുക്കുന്നയാൾ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തിയിരുന്നത്.


ഹെറോയിൻ ചെറിയ പ്ലാസ്റ്റിക് ഡെപ്പിയിലാക്കിക്കൊണ്ടിരുന്ന അതിഥിത്തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. അന്വേഷണം തുടരുമെന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനു അറിയിച്ചു.


സാമൂഹ്യവിരുദ്ധ സങ്കേതമായി ബംഗാൾ കോളനി

അതിഥിത്തൊഴിലാളികളുടെ കടന്നുവരവോടെ അവർക്ക് പാർപ്പിടമൊരുക്കി രൂപപ്പെട്ടതാണ് കണ്ടന്തറ ബംഗാൾ കോളനി. നിരവധി കെട്ടിടങ്ങളാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഉയർന്നത്. നാട്ടുകാരിൽ പലരും കെട്ടിടങ്ങൾ നിർമിച്ച്‌ മറുനാട്ടുകാർക്ക്‌ വാടകയ്‌ക്ക്‌ നൽകി മറ്റിടങ്ങളിലേക്ക്‌ മാറി. രാസലഹരിയുടെ കടന്നുവരവോടെ ഇവിടെ ക്രിമിനൽ സംഘങ്ങളും വളർന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് കച്ചവടം നടത്തിക്കൊണ്ടിരുന്ന വനിതയെ കൊലപ്പെടുത്തിയതോടെ ബംഗാൾ കോളനി ശ്രദ്ധേയമായി.


ഹെറോയിൻ, കഞ്ചാവ്, എംഡിഎംഎ തുടങ്ങിയവ വിൽക്കുന്ന നിരവധിപ്പേരെ പിടികൂടിയിട്ടുണ്ടെങ്കിലും മൊത്തക്കച്ചവടക്കാരെ പിടികൂടിയിരുന്നില്ല. ചില്ലറവിൽപ്പനക്കാരെ പിടിച്ചാലും ജാമ്യത്തിലെടുക്കാനുംമറ്റും കാരോത്തുകുടി സലീനയുടെ നേതൃത്വത്തിൽ ആളുകളെ ഏർപ്പെടുത്തും. ആയിരത്തിൽപ്പരം അതിഥിത്തൊഴിലാളികൾ ഒറ്റയ്ക്കും കുടുംബമായും പ്രദേശത്ത്‌ താമസിക്കുന്നുണ്ട്.


കെട്ടിടങ്ങളും മൂന്നും നാലും നിലകളിലായി ഉയർന്നു. മാന്യമായി തൊഴിലെടുത്ത്‌ ജീവിക്കുന്നവരും കുറ്റകൃത്യങ്ങൾ പതിവാക്കിയവരും ഇവിടെ താമസിക്കുന്നുണ്ട്. സലീനയുടെ വീട്ടിലും സ്ഥാപനത്തിലും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. ഇവിടെയെത്തുന്നവരിൽ മഫ്‌തിയിൽ പൊലീസ്‌, എക്‌സൈസ്‌ ഉദ്യോഗസ്ഥരുണ്ടോ എന്ന്‌ നിരീക്ഷിക്കാനാണ്‌ കാമറ സ്ഥാപിച്ചിരിക്കുന്നത്. പരിശോധന നടക്കുമെന്ന്‌ നേരിയ സംശയം തോന്നിയാൽ ലഹരിവസ്‌തുക്കൾ വേഗത്തിൽ ഒളിപ്പിക്കാനും സംവിധാനമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home