ad
Deshabhimani

കിണറ്റിൽ വീണ്ടും കാട്ടാന വീണു; പ്രതിഷേധവുമായി നാട്ടുകാർ

Wild Elephant Attack

കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാന

avatar
സ്വന്തം ലേഖകൻ

Published on Jul 08, 2026, 01:22 AM | 2 min read

കോതമംഗലം

കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീണു. കൂവപ്പാറ അട്ടായത്ത് അലിയാരിന്റെ കിണറ്റിലാണ് ചൊവ്വ രാവിലെ 5.30ന് കാട്ടാനക്കൂട്ടത്തിൽനിന്ന്‌ കൂട്ടംതെറ്റിയ ആന വീണത്. നാട്ടുകാരുടെ വൻ പ്രതിഷേധത്തിനൊടുവിൽ ഒന്പത് മണിക്കൂറിനുശേഷമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണർ ഇടിച്ച് ആനയെ കരയ്‌ക്ക്‌ കയറ്റിയത്‌. വനംവകുപ്പ്, പൊലീസ്, പൊതുപ്രവർത്തകർ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പകൽ 2.30 ഓടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി.


കാട്ടിൽ ആവശ്യമായ ഭക്ഷണം കണ്ടെത്താൻ കഴിയാത്തതിനാലാണ് കാട്ടാന നിരന്തരം ജനവാസമേഖലയിലേക്കിറങ്ങുന്നത്. വനാതിർത്തിയിലെ പ്ലാവുകളിലെ ചക്ക തിന്നാനാണ് കാട്ടാനക്കൂട്ടം എത്തുന്നതെന്നും മരങ്ങൾ എത്രയുംവേഗം വെട്ടിമാറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമന്നും ചർച്ചയിൽ ആവശ്യമുയർന്നു. പ്രദേശത്തെ വാഴ ഉൾപ്പെടെയുള്ള കാർഷികവിളകൾ ആനക്കൂട്ടം വ്യാപകമായി നശിപ്പിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

ചികിത്സ നൽകാതെ വീണ്ടും വനത്തിലേക്ക് വിട്ടാൽ ആഹാരം തേടി ആന വീണ്ടും ജനവാസമേഖലയിലേക്ക് എത്താനും, ഭക്ഷണക്കുറവുമൂലം കൂടുതൽ അക്രമാസക്തമാകാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.


ആന കിണറ്റിൽ വീണതറിഞ്ഞ് നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, ഷിബു തെക്കുംപുറം എംഎൽഎ, ഡിഎഫ്ഒ പി കാർത്തിക്, മൂവാറ്റുപുഴ ഡിവൈഎസ്‌പി അബ്ദുൾ മുനീർ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, സിഐ പ്രശാന്ത്കുമാർ, കെ എ ജോയി, കെ കെ ശിവൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ,- ഉദ്യോഗസ്ഥ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ആനയെ വനത്തിലേക്ക് വിടാൻ തീരുമാനമായത്.


പ്രദേശത്ത് എത്രയുംവേഗം സ‍ൗരവേലി സ്ഥാപിക്കണമെന്നും കൃഷിനാശത്തിനും മറ്റു നഷ്ടങ്ങൾക്കും കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് കാട്ടാനയുടെ ആരോഗ്യനില മോശമായിരുന്നതിനാൽ മയക്കുവെടിവയ്‌ക്കുന്നത് ഒഴിവാക്കി കിണറ്റിൽനിന്ന് കയറ്റി വനത്തിലേക്ക് ഓടിച്ചുവിടുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഡ്രോൺ സംവിധാനവും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച്‌ 24 മണിക്കൂറും ആനയുടെ സഞ്ചാരം നിരീക്ഷിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ഇതിനായി നാല് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്.

ഇനിയും കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണെങ്കിൽ മയക്കുവെടിവച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കിണറിനുണ്ടായ നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home