ad
Deshabhimani

ഒച്ചിനെന്ത്‌ വേഗം

പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ സരിൻ ശശിയുടെ നേതൃത്വത്തിൽ രാത്രിയിൽ ആഫ്രിക്കൻ ഒച്ചുകളെ ശേഖരിക്കുന്നു

പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ സരിൻ ശശിയുടെ നേതൃത്വത്തിൽ രാത്രിയിൽ ആഫ്രിക്കൻ ഒച്ചുകളെ ശേഖരിക്കുന്നു

avatar
പ്രകാശൻ പയ്യന്നൂർ

Published on Jul 08, 2026, 02:06 AM | 2 min read


പയ്യന്നൂർ

ആഫ്രിക്കൻ ഒച്ചിന്റെ ശല്യംമൂലം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് നഗരസഭയിൽ വെള്ളൂരിലെ രണ്ട്, മൂന്ന് വാർഡുകളിലെയും ഇതിന് സമീപമുള്ള കാങ്കോൽ– ആലപ്പടന്പ് പഞ്ചായത്തിലെ കരിയാപ്പിലെയും നാട്ടുകാർ. ആഫ്രിക്കൻ അധിനിവേശ ജീവി വർഗമായ ഒച്ച് പ്രദേശത്തെ കൃഷിക്കും പരിസ്ഥിതിക്കും പൊതുശുചിത്വത്തിനും വലിയ വെല്ലുവിളിയായി മാറി. പച്ചക്കറിയും ഫലവൃക്ഷങ്ങളും തെങ്ങും ഉൾപ്പെടെ കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം വീടുകളുടെ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇവ വ്യാപിക്കുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. മഴക്കാലതത്‌ ഇവ അതിവേഗം പെരുകുകയാണ്. ഒച്ച് ശല്യം വ്യാപകമായതോടെ വാർഡ് ക‍ൗൺസിലർമാരായ സി ചന്ദ്രന്റെയും കെ വി ജ്യോതിയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ യോഗം വിളിച്ചുചേർത്ത് ഇവയെ നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്‌. പകൽ ഒളിച്ചിരിക്കുന്ന ഇവ രാത്രിയിലാണ് പുറത്തിറങ്ങി നാശം വിതക്കുന്നത്. പരിസ്ഥിതി പ്രവർത്തകനായ ഡോ. ഇ ഉണ്ണികൃഷ്ണന്റെ നിർദേശങ്ങൾ അനുസരിച്ചാണ് മെഗാ ക്യാന്പയിനിലൂടെ ഇവയെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ കൂട്ടായ്മയിൽ നടക്കുന്നത്. രാത്രിയിൽ ഒച്ചുകളെ പിടികൂടി കൂട്ടമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. നഗരസഭാ ചെയർമാൻ സരിൻ ശശി, സ്ഥിരം സമിതി അധ്യക്ഷൻ വി പി മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ – ഹരിതകർമസേന അംഗങ്ങൾ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി, എകെജി ക്ലബ് പ്രവർത്തകർ, കണ്ടത്തിൽ ബ്രദേഴ്സ്, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, കർഷകസംഘം തുടങ്ങി പ്രദേശത്തെ സന്നദ്ധ പ്രവർത്തകരടക്കം ഉറക്കമിളച്ച് ആ-ഫ്രിക്കൻ ഒച്ചുകളെ പിടിക്കും. ഇവയെ ഒരു കേന്ദ്രത്തിലെത്തിച്ച് കൂഴിവെട്ടി ഉപ്പ് വിതറി നശിപ്പിക്കും. തുരിശ് ലായനി, പുകയില കഷായം എന്നിവയും ഇതിനായി ഉപയോഗിക്കുന്നു. ഇതിനകം ആയിരക്കണക്കിന് ഒച്ചുകളെ നശിപ്പിച്ചു കഴിഞ്ഞു.


രോഗം പരത്തും ​

അപകടകാരിയായ അധിനിവേശ ജീവികളിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യരിലും മൃഗങ്ങളിലും മസ്തിഷ്കജ്വരം പോലുള്ള മാരക രോഗങ്ങൾ പരത്താനും ഇവയ്ക്ക് കഴിയും. കേരളത്തിലെ കാലാവസ്ഥയിൽ ഇവ വളരെ വേഗം പെറ്റുപെരുകുന്നു. ഇവയുടെ ശരീരത്തിലെ സ്രവങ്ങളിലും വിസർജ്യത്തിലും ‘റാറ്റ് ലങ്‌വോം' എന്ന പരാന്നഭോജി അടങ്ങിയിട്ടുണ്ടാകാം. ഒച്ചുകളെ കൈകാര്യം ചെയ്യുമ്പോൾ ഗ്ല‍ൗസ് ഇടണം. ഇവയെ ശേഖരിച്ച് ഉപ്പുലായനിയിലോ (200 ഗ്രാം ഉപ്പ് ഒരു ലിറ്റർ വെള്ളത്തിൽ) മണ്ണെണ്ണയിലോ ഇട്ടു നശിപ്പിക്കാം. തുരിശും പുകയിലയും ചേർത്ത് തിളപ്പിച്ച ലായനി ചെടികളിൽ തളിക്കുന്നത് ഒച്ചുകളെ അകറ്റും. താറാവുകൾ ഒച്ചുകളെ കൊന്നുതിന്നാൻ മിടുക്കരാണ്. തോട്ടങ്ങളിൽ താറാവുകളെ വളർത്തുന്നത് ഒച്ചിന്റെ ശല്യം കുറയ്‌ക്കാനുള്ള ജൈവ മാർഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home