print edition വാക്കാണ് മുഖ്യം; എന്നിട്ടെവിടെ?

വി ഡി സതീശൻ
ഒ വി സുരേഷ്
Published on Jul 08, 2026, 02:09 AM | 2 min read
മുഖ്യമന്ത്രി വി ഡി സതീശൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് ‘വാക്കാണല്ലോ പ്രധാനം, വാക്കേ...’എന്നാണ്. എന്നാൽ, ആ വാക്ക് മാറുന്നതാണ് കേരളം ഒന്നരമാസമായി കാണുന്നത്. വി ഡി സതീശനോടുള്ള മൃദുസമീപനം കാരണം ‘അന്ന് ഇങ്ങനെയല്ലല്ലോ പറഞ്ഞത്’ എന്ന ചോദ്യമുയർത്താൻ ഒരു മാധ്യമവും തയ്യാറല്ല. നിരന്തരം മാറ്റുന്ന പ്രസ്‌താവനകളും പ്രസംഗങ്ങളും ഇവരുടെതന്നെ ആർക്കൈവ്‌സിൽ പൊടിപ്പിടിച്ച് കിടക്കുന്നുണ്ട്, ആർക്കും വേണ്ടാതെ.
ആറ് ഗ്യാരന്റികൾ പറഞ്ഞാണ് കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറിയത്. ക്ഷേമപെൻഷൻ മൂവായിരമാക്കും, യുവാക്കൾക്ക് സംരംഭത്തിന് അഞ്ചുലക്ഷം രൂപ പലിശയില്ലാവായ്‌പ, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്, കോളേജ് വിദ്യാർഥിനികൾക്ക് മാസം 1000 രൂപ, വയോജന വകുപ്പ്, കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങിയായിരുന്നു ആ ഗ്യാരന്റി. എസ്‌യുസിഐ സമരവേദിയിലെത്തി ‘അധികാരത്തിൽവന്നാൽ, ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ മാസവേതനം 21,000 രൂപയാക്കും’ എന്നും വാക്കുനൽകി. വാക്കാണല്ലോ പ്രധാനം.
ആശമാരുടെ കണ്ണിൽ പൊടിയിടാൻ 3000രൂപ മാത്രംകൂട്ടി പഴയ വാക്കും ഉറപ്പും മറന്നു. എല്ലാം ഓർമപ്പെടുത്തുന്ന മാധ്യമങ്ങൾ ഇത് ചോദിക്കാൻ മറന്നു. ആശമാർക്ക് കൂടുതൽ വേതനം കേരളത്തിലാണെന്നും ഇൗ നേട്ടത്തിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അറിഞ്ഞിട്ടും എസ്‌യുസിഐ സമരത്തിന് ഉൗർജം പകർന്നതും ഇതേ മാധ്യമങ്ങൾ. സർക്കാർ മാറിയപ്പോൾ മാധ്യമ ആവേശം അപ്രത്യക്ഷമാകുന്നതും ജനം കണ്ടു.
യു ടേൺ മുന്നണി
കേന്ദ്രപദ്ധതിയായ പിഎം ശ്രീയിലും യുഡിഎഫ് സർക്കാർ യു ടേൺ അടിച്ചു. ‘അധികാരത്തിലെത്തിയാൽ പിഎം ശ്രീ കടലിൽ വലിച്ചെറിയും’ എന്ന് പ്രസംഗിച്ച മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും ഇപ്പോൾ മന്ത്രിമാരാണ്. ആർഎസ്എസ് അജൻഡയാണ് പിഎം ശ്രീയെന്ന് 2025 ഒക്‌ടോബർ 24ന് മാധ്യമങ്ങളോട് പ്രതികരിച്ചയാളാണ് സതീശൻ. നിലപാടിൽനിന്ന് സതീശന് യു ടേൺ അടിക്കാൻ പ്രയാസമുണ്ടായില്ല, ഒപ്പംനിന്ന മാധ്യമങ്ങൾക്കും.‘മഞ്ഞക്കുറ്റിയിളക്കൽ’ ആയിരുന്നു ഒരുകാലത്ത് യുഡിഎഫിന്റെഹോബി. സിൽവർലൈൻ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് അന്ന് സതീശൻ കട്ടായം പറഞ്ഞു. ‘ആർക്കാണിത്ര ധൃതി’ എന്ന് യുഡിഎഫിന്റെ എംഎൽഎ ചോദിച്ചു. സർക്കാർ മാറിയപ്പോൾ മെട്രോമാൻ ഇ ശ്രീധരന്റെ പിന്നാലെയാണ് യുഡിഎഫ്. പഴയ നിലപാട് ഓർമപ്പെടുത്താൻ മാധ്യമങ്ങളും തയ്യാറായില്ല. പെട്രോളിനും ഡീസലിനും കേന്ദ്രം വില കൂട്ടിയപ്പോൾ, ‘സർക്കാർ നികുതിവരുമാനം കുറച്ച് ജനങ്ങളെ സഹായിക്കണം’ എന്നുപറഞ്ഞ സതീശൻ ഇപ്പോൾ പറയുന്നത് ‘നികുതി കുറയ്‌ക്കുന്നത് പഠിച്ചിട്ട് പറയാം’ എന്നാണ്.











0 comments