ad
Deshabhimani

ആറളം ഫാമിൽ റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴ; വീരാജ്പേട്ടയിൽ മരംവീണ് 
സ്‌കൂട്ടർ യാത്രികയ്ക്ക്‌ പരിക്ക്

വെള്ളം കയറിയ വയത്തൂർ  പാലം

വെള്ളം കയറിയ വയത്തൂർ പാലം

വെബ് ഡെസ്ക്

Published on Jul 08, 2026, 02:09 AM | 1 min read

​ഇരിട്ടി

രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും മലയോരത്ത്‌ വ്യാപക നാശം. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ റോഡിന്‌ കുറുകേ മരംവീണ് ഗതാഗതം തടസപ്പെട്ടു. കർണാടകത്തിലെ കുടക്‌ ജില്ലയിൽ വീരാജ്പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവേ മരംവീണ് സ്‌കൂട്ടർ യാത്രികയ്‌ക്ക്‌ പരിക്കേറ്റു. ബാവലി, ബാരാപോൾ പുഴകളിൽ നീരൊഴുക്ക് കൂടി. ജലവിതാനം ക്രമാതീതമായി ഉയർന്നു. സുരക്ഷ മുൻനിർത്തി പഴശ്ശി ഡാമിന്റെ പകുതി ഷട്ടറുകൾ തുറന്നു . ആറളം പുനരധിവാസ മേഖലയിൽ ഒന്പതാം ബ്ലോക്കിൽ കല്ലുവെട്ടാംകുഴി ഭാഗത്ത് കൂറ്റൻ പ്ലാവ് കടപുഴകി റോഡിന്‌ കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിന്റെ സമീപത്തും മരം പൊട്ടി വീണ് ഗതാഗതം മുടങ്ങി. വൈദ്യുതി തൂണുകളും ലൈനുകളും തകർന്നതോടെ മേഖലയിൽ വൈദ്യുതി വിതരണം താറുമാറായി. ഇരിട്ടി അഗ്നിരക്ഷാ സേനയെത്തി എത്തി മരം മുറിച്ചു നീക്കി രണ്ടിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചു. കുടകിലെ വീരാജ്‌പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവേ മരം പൊട്ടിവീണ് ബെട്ടോളി ഗ്രാമത്തിലെ സിന്ധു എന്ന യാത്രക്കാരിക്കാണ്‌ പരിക്കേറ്റത്‌. സ്‌കൂട്ടർ പാടെ തകർന്നു. സിന്ധു ആശുപത്രിയിൽ ചികിത്സ തേടി. കുടകിൽ വ്യാപകമായി മഴ കനത്തിട്ടുണ്ട്‌. മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിലും ആറളം, കൊട്ടിയൂർ വനമേഖലകളിലും മഴ ശക്‌തം.


വയത്തൂർ പാലം 
കരകവിഞ്ഞു

​ഉളിക്കൽ കർണാടകത്തിലെ കുടക്‌ വനമേഖലയിൽ മഴ കനത്തതോടെ വയത്തൂർ പുഴയിൽ ജലവിതാനം ഉയർന്ന്‌ ഉളിക്കൽ - –മണിപ്പാറ റോഡിലെ വയത്തൂർ പാലത്തിൽ വെള്ളം കയറി. പാലം വഴിയുള്ള ഗതാഗതം ഭാഗികമായി മുടങ്ങി. രണ്ട്‌ ബസുകൾ അടക്കമുള്ള വാഹനങ്ങൾ മണിപ്പാറ, മണിക്കടവ്, കുന്നത്തൂർ ഭാഗങ്ങളിലേക്ക് ഇ‍ൗ പാലത്തിലൂടെയാണ്‌ പോകേണ്ടത്‌. മഴ തുടർന്നാൽ പാലം വഴയുള്ള യാത്ര പൂർണമായി നിലക്കും. കഴിഞ്ഞ വർഷം കാലവർഷത്തിൽ പാലത്തിൽ വെള്ളം കയറി വാഹനം അപകടത്തിൽ പെട്ടിരുന്നു. ഒഴുക്കിൽ പെട്ടവരെ സാഹസികമായാണ്‌ അന്ന്‌ രക്ഷപ്പെടുത്തിയത്‌. വെള്ളം കയറിയതിനെ തുടർന്ന്‌ പാലത്തിന്റെ ഇരുവശത്തും ജാഗ്രതാ നിർദേശവുമായി നാട്ടുകാരുണ്ട്‌. പുഴയുടെ ഭാഗമായ ചപ്പാത്തിലും വെള്ളം കയറി. വട്ട്യാം തോട് പാലവും വെള്ളപ്പൊക്കത്തിന്റെ ആശങ്കയിലാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home