അയ്യമ്പുഴ, മലയാറ്റൂർ നിവാസികളുടെ സ്വൈര്യജീവിതം തകർത്ത് കാട്ടാനകൾ

കാട്ടാന (ഫയൽ ചിത്രം)
കാലടി
കാട്ടാനപ്പേടിയിൽ ഭയന്നുവിറക്കുകയാണ് അയ്യമ്പുഴ, മലയാറ്റൂർ പഞ്ചായത്തുകളിലെ സാധാരണക്കാർ. കർഷകർ വിളയിറക്കിയ വാഴത്തോട്ടങ്ങളും കപ്പത്തോട്ടങ്ങളും ആനക്കൂട്ടം നശിപ്പിക്കുകയാണ്. കായ്ഫലമുള്ള ജാതിയും തെങ്ങും പിഴുതെറിയും. പട്ടാപ്പകൽ റോഡിലിറങ്ങിനിൽക്കുന്ന കാട്ടാനയെക്കണ്ട് ഭയന്നോടി വീണ് പരിക്കുപറ്റിയവർ നിരവധി.
പ്ലാന്റേഷൻ തോട്ടത്തിലെ എണ്ണപ്പന ആനയുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്. ഇത് കഴിക്കാനും പുഴയിൽനിന്ന് വെള്ളം കുടിക്കാനുമാണ് ആന കൂട്ടത്തോടെ കാടിറങ്ങുന്നത്. ആനശല്യം ഒഴിവാക്കാൻ വൈദ്യുതിവേലികൾ സ്ഥപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ജീവൻ പണയംവച്ചാണ് ഇവിടെ ജനങ്ങൾ രാത്രി വീടുകളിൽ കിടന്നുറങ്ങുന്നത്.
ചിലപ്പോൾ ഇരുചക്രവാഹനത്തിനും ബസിനുംവരെ ആന കുറുകെനിന്ന് യാത്ര തടസ്സപ്പെടുത്താറുണ്ട്. കഴിഞ്ഞവാരം അതിരപ്പിള്ളി പഞ്ചായത്തിൽനിന്ന് കാട്ടാനകളെ കൂട്ടത്തോടെ വനപാലകർ അയ്യമ്പുഴ പഞ്ചായത്തിലേക്ക് തുരത്തിയിരുന്നു. ഇതിനെതിരെ ഏഴാറ്റുമുഖത്ത് അയ്യമ്പുഴ പഞ്ചായത്തിന്റെ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന കാട്ടാനശല്യത്തിന് ഒരു പരിഹാരവും കണ്ടെത്താൻ വനംവകുപ്പിന് കഴിയുന്നില്ല.










0 comments