3 യുവാക്കൾ വിലങ്ങാട് വനത്തിൽ കുടുങ്ങി; രാത്രി രക്ഷപ്പെടുത്തി

വനത്തിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നു

സ്വന്തം ലേഖകൻ
Published on Jun 27, 2026, 02:21 AM | 1 min read
വിലങ്ങാട്
വിലങ്ങാട് വാളൂക്ക് നാദാപുരം മുടി വനത്തിൽ എത്തിയ മൂന്നുയുവാക്കൾ കുടുങ്ങി. രണ്ട് ബൈക്കുകളിലായെത്തിയ സംഘം വനത്തിനുള്ളിലേക്ക് കയറിയതോടെ വഴിതെറ്റി കാട്ടിലകപ്പെടുകയായിരുന്നു. മലയുടെ മുകളിൽനിന്ന് ഫ്ലാഷ് ലൈറ്റ് കണ്ടതിനെ തുടർന്നാണ് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർക്ക് മനസ്സിലായത്. വനപാലകരും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ രാത്രി പത്തരയോടെ മൂന്നുപേരെയും കണ്ടെത്തി. ചോറോട് വൈക്കിലശേരി സ്വദേശികളായ ഫാസിൽ, രാഗിൽ, ഫാസിൽ എന്നിവരാണ് വനത്തിൽ അകപ്പെട്ടത്.
പശ്ചിമഘട്ട വനത്തോടുചേർന്ന് നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് നാദാപുരം മുടി വനമേഖല. വെള്ളി വൈകിട്ട് അഞ്ചരയോടെ കരകൊഴുപ്പിൽ ബിജുവിന്റെ വീടിന് സമീപം ബൈക്ക് നിർത്തിയിട്ടാണ് യുവാക്കൾ വനത്തിലേക്ക് കയറിയത്. വൈകിട്ട് അഞ്ചരയോടെ മൂന്നുയുവാക്കളെ ഇവിടെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
കെഎൽ 18 എബി 8384, കെഎൽ 18 എജി 3098 നമ്പർ ബൈക്കുകളിലാണ് സംഘം എത്തിയത്. ചെങ്കുത്തായ മലനിരകളായതിനാൽ ഇവിടെ രാത്രി എത്തിച്ചേരുക ദുഷ്കരമാണ്. ദുർഘടം പിടിച്ച വഴികളും പാറക്കെട്ടുകളും വന്യമൃഗങ്ങളും ഉള്ള സ്ഥലമാണ് നാദാപുരം മുടി വനമേഖല.
വൈകിട്ട് നാലരയോടെ വനത്തിലേക്ക് കയറിയതാണെന്നും കൂട്ടത്തിൽ നിന്ന് ഒരാളെ കാണായതതോടെ കാട്ടിൽ കുടുങ്ങിയെന്നും രക്ഷപ്പെടുത്തിയ യുവാക്കൾ പറഞ്ഞു.










0 comments